Tuesday, 29 October 2019 14:36

ഇംഗ്ലണ്ടിനെക്കുറിച്ച് എന്തറിയാം?

എഴുത്ത്‌: സലിം വര: രാജീവ് എന്‍ ടി

വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ആദ്യദിവസം. നാസര്‍ മാഷാണ് പുതിയ ക്ലാസ്ടീച്ചര്‍. മാഷ് പാഠങ്ങളൊന്നുമെടുത്തില്ല. അവധിക്കാല വിശേഷങ്ങളൊക്കെ എല്ലാരോടും ചോദിച്ചറിഞ്ഞു. അങ്ങനെ കുറേ പറഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഭൂരിഭാഗം കുട്ടികളും ഒരു സിനിമ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 'സുഡാനി ഫ്രം നൈജീരിയ'. ആ സിനിമയുടെ പ്രത്യേകതകളും മറ്റും പറഞ്ഞ് പറഞ്ഞ്, മാഷ് വരാന്‍ പോവുന്ന ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി. അതിന്റെ ചരിത്രം, പ്രധാനപ്പെട്ട കളികളും കളിക്കാരും... ഹോ, ഈ സാറിന് ഇതെന്തൊരു ഓര്‍മശക്തിയാണ്. കളിക്കാരുടെ പേരുകളും വര്‍ഷവും ഒക്കെ ഇങ്ങനെ ഒഴുകി വരികയാണ്.

അവസാനം മാഷ് ഒരു ചോദ്യം ചോദിച്ചു. ഇപ്രാവശ്യത്തെ വിജയികള്‍ ആരാവുമെന്നാ നിങ്ങടെ അഭിപ്രായം?

തീര്‍ന്നില്ലേ കാര്യം. അതുവരെ എല്ലാം ശ്രദ്ധിച്ച് കേട്ടവര്‍ ചേരി തിരിഞ്ഞ് ബഹളമായി. ഉഗ്രന്‍ വാഗ്വാദം. ഓരോ ടീമിനുവേണ്ടിയും നാക്കുകൊണ്ട് പൊരുതുന്ന അനുയായികള്‍. ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു. നിങ്ങടെ ഈ വീര്യം കാണാനുള്ള ഭാഗ്യം ബന്ധപ്പെട്ട ടീമിലെ കളിക്കാര്‍ക്കുണ്ടായില്ലല്ലോ. നമുക്ക് ഒരു കാര്യം ചെയ്യാം. നിങ്ങള്‍ ഓരോ ടീമിനെയും പിന്തുണയ്ക്കുന്നവര്‍ ഒന്നിച്ചിരിക്കുക. എന്നിട്ട് എന്തുകൊണ്ട് നിങ്ങടെ ടീം വിജയിക്കും എന്ന കാര്യം നാളെ ക്ലാസ്സില്‍ അവതരിപ്പിക്കുക. അവതരിപ്പിക്കുന്ന ആളിന് ആവശ്യമായ എല്ലാ പോയന്റുകളും ചര്‍ച്ചയിലൂടെ നിങ്ങള്‍ ക്രോഡീകരിക്കണം. എന്താ സമ്മതമല്ലേ?

ശരി സാര്‍. ക്ലാസ്സ് ഒന്നിച്ച് പറഞ്ഞു. അങ്ങനെ ഇംഗ്ലണ്ട് ടീമിനെ പിന്തുണയ്ക്കുന്നവര്‍ ഉച്ചയ്ക്ക് ഒത്തുകൂടി. നമ്മുടെ അഭിപ്രായം  സ്കൂള്‍ ഫുട്ബോള്‍ ടീം അംഗമായ വിപിന്‍ സക്കറിയ തന്നെ അവതരിപ്പിക്കട്ടെ എന്നത് എല്ലാവരുടെയും തീരുമാനമായിരുന്നു.

ആലോചനയില്‍ നിന്ന് മാറി വിപിന്‍ അതുവരെ എഴുതിയത് ഒന്നുകൂടി വായിച്ചുനോക്കി.

ഫുട്ബോളിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇംഗ്ലണ്ടിനെ കുറിച്ച് പറയാതിരിക്കാനാവില്ല. ഇന്ന് കാണുന്ന കളിയുടെ രൂപവും കളിനിയമങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും കാൽപന്ത് കളിയുടെ തുടക്കം ഇംഗ്ലണ്ടിൽ നിന്നായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം.  ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര  ഫുട്ബോൾ മത്സരം നടന്നതും ഇംഗ്ലണ്ടിലായിരുന്നു. 

1950 മുതലാണ് ഇംഗ്ലണ്ട് ലോകകപ്പിൽ പങ്കെടുത്തു തുടങ്ങുന്നത്. ഇതിഹാസ താരം പീറ്റർ ഷിൽട്ടനാണ് ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ  മത്സരങ്ങൾ കളിച്ചത്. ഗാരി ലിനേക്കർ 10 ഗോളോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുമായി. 1966ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇംഗ്ലണ്ട് ആയിരുന്നു. അവിടെ വച്ചു തന്നെ അവര്‍ കപ്പ് ഉയര്‍ത്തി. തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ വെംബ്ലിയിൽ ജര്‍മനിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ത്രീ ലയൺസ് (മൂന്ന് സിംഹങ്ങൾ) എന്ന ഓമനപ്പേരി ലറിയപ്പെടുന്ന ഇംഗ്ലണ്ട് തങ്ങളുടെ കന്നി കിരീടനേട്ടം സ്വന്തമാക്കിയത്. 

ഫിഫ വേൾഡ്  റാങ്കിങ്ങില്‍ ഇന്ന് 13 ാം സ്ഥാനത്താണ് എങ്കിലും  2012 ൽ മൂന്നാം സ്ഥാനത്ത് വരെ എത്തിയ ചരിത്രവും ഇംഗ്ലണ്ടിനുണ്ട്.

2018ലെ ലോകകപ്പില്‍ ആ ചരിത്രം മാറ്റി എഴുതുമെന്നു തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം. ബൽജിയവും ടുണീഷ്യയും പനാമയും ഉൾപ്പെടുന്ന ഗ്രൂപ്പ്  G യിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.  മികച്ച ഒരു പറ്റം കളിക്കാരെക്കൊണ്ട് സമ്പന്നമാണ് ഇന്ന് ഇംഗ്ലണ്ട് ദേശീയ ടീം. ലോകത്തിലെ മികച്ച ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികവു പുലര്‍ത്തിയ എല്ലാ താരങ്ങളും ഈ വര്‍ഷം റഷ്യയിലേക്ക് വണ്ടി കയറുന്നുണ്ട്. ഈയിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു എന്നുള്ളത് പ്രതീക്ഷ കൂട്ടുന്നു.

ആരോടും കിടപിടിക്കുന്ന പ്രതിരോധം തന്നെയാണ് ഇംഗ്ലീഷുകാർക്കുള്ളത്. സ്പര്‍സ്  കീരന്‍ ട്രിപ്പര്‍, സിറ്റി താരം കയില്‍ വാള്‍ക്കര്‍, സിറ്റി താരം ജോണ്‍ സ്ടോന്‍സ്, ചെല്‍സി താരം ഗാരി കാഹില്‍, സ്പര്‍സ് താരം ഡാനി റോസ്, ലെസ്റ്റര്‍ സിറ്റി താരം ഹാരി മക്ക്ഗയര്‍ എന്നിവരാല്‍ പ്രതിരോധം ശക്തമാണ്. കൂടാതെ ഭാവനാ സമ്പന്നമാണ് മധ്യ നിര; യുവ രക്തവും. ഏതു ആക്രമണങ്ങള്‍ക്കും കെല്‍പ്പുള്ള ഒരു പറ്റം പോരാളികള്‍.

മുന്നേറ്റ നിരയെ അതിശക്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ലെസ്റ്റര്‍ താരം ജാമി വാര്‍ഡി, സ്പര്‍സ് താരം ഹാരി കെയിന്‍, യുണൈറ്റഡ് യുവ താരം മാര്‍ക്ക് റാഷ് ഫോഡ്, ആര്‍സനല്‍ താരം വെല്‍ബക്ക്, സ്വാന്‍സി താരം ടോമി അബ്രഹാം, ലിവര്‍പൂള്‍ താരം സോളങ്കി, ബോണ്‍സ് മൗത്ത് താരം ജെര്‍മിയന്‍ ഡിഫോ, വെസ്റ്റ് ബ്രോം സ്റ്റുറിഡജ് എന്നിവരാല്‍ ആക്രമണ നിര സുശക്തം എന്ന് തന്നെ പറയാം. ഏതു സാഹചര്യത്തിലും ഗോള്‍ നേടാന്‍ കഴിയുന്ന ഹാരി കെയിന്‍ തന്നെയാണ് പ്രധാന ആയുധം.

ഈ വര്‍ഷം ലോകകപ്പ്‌ നേടാന്‍ സാധ്യതയുള്ള  രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇംഗ്ലണ്ട് കൂടിയുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. യുവ താരങ്ങളിലെ പ്രതീക്ഷ തന്നെയാണ് പ്രധാന കാരണം. 

ഇത് തകര്‍ക്കും എന്ന് തന്നോടു തന്നെ പറഞ്ഞ് നോട്ടുബുക്ക് മടക്കിവെച്ച് വിപിന്‍ ഉറങ്ങാന്‍ കിടന്നു.

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക