Tuesday, 29 October 2019 14:33

ഞങ്ങള്‍ മൂന്നാം റാങ്കുകാര്‍

എഴുത്ത്‌: ആദിത്യന്‍ വി.എസ്

“എന്തൊക്കെ പറഞ്ഞാലും അര്‍ജന്റീന ഇപ്രാവശ്യം കപ്പടിക്കും.”

“നീയൊന്നു മിണ്ടാതിരിയെന്റെ രാഹുലേ.. ദേ അപ്പൂസ് വരുന്നുണ്ട്. ഇനിയിവന്റെ മിണ്ടാട്ടം മുട്ടിക്കോളും..”

“എന്താണ് രാവിലെ തന്നെ ക്ലാസ്സിലൊരു വട്ടമേശ സമ്മേളനം?”

“വട്ടമേശ സമ്മേളനമൊന്നുമല്ല. ദേ ഈ രാഹുലിന്റെ തള്ളും കേട്ടിരിക്ക്യാരുന്നു.”

“എന്റെ അപ്പൂസേ.. ഒന്നും പറയണ്ട. ഇവന്‍ അര്‍ജന്റീനയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് പറഞ്ഞ് അവസാനം അര്‍ജന്റീന തോല്‍ക്കുംന്നാ തോന്നുന്നത്.”

“അതിപ്പോ എന്റെ ടീമിന്റൊപ്പം അര്‍ജന്റീനയല്ല, ഏതു ടീമും തോല്‍ക്കും.” അപ്പൂസ് പറഞ്ഞു..

“നിന്റെ ടീമേതാ?”

“ബല്‍ജിയം.”

“ബല്‍ജിയോ.. കേട്ടിട്ടുകൂടിയില്ലല്ലോ.” രാഹുല്‍ അപ്പൂസിനെ കളിയാക്കുന്ന മട്ടില്‍ ഒന്നു ചിരിച്ചു.

“ചിരിയ്ക്കണ്ട..നിന്റെ അര്‍ജന്റീനയേക്കാള്‍ നല്ല ടീമാ ന്റെ ബല്‍ജിയം.”

“അതെയതെ.. ഫിഫ റാങ്കിങ്ങില്‍ തൊണ്ണൂറ്റൊമ്പതാമതോ നൂറാമതോ മറ്റോ ആവും.”

“ഒന്നു പോടാ..നിന്റെ അര്‍ജന്റീന അഞ്ചാമതല്ലേ.. ന്റെ ബല്‍ജിയം മൂന്നാമതാ..”

“അങ്ങനെ വരാന്‍ വഴിയില്ലല്ലോ..” രാഹുലിന് സംശയം.

“സത്യായിട്ടും ബല്‍ജിയം മൂന്നാമതാ.." അപ്പൂസ് ആണയിട്ടു.

“ശരി.. മൂന്നാമതാണെന്നിരിക്കട്ടെ.”

“മൂന്നാമതാണെന്നിരിക്കട്ടെ എന്നല്ല, മൂന്നാമതാണ്.”അപ്പൂസ് പറഞ്ഞു.

“എന്നാലും ന്റെ അര്‍ജന്റീനയിലെപ്പോലുള്ള കളിക്കാര് നിന്റെ ബല്‍ജിയത്തിലില്ലല്ലോ.. ഉണ്ടോ, ഉണ്ടോ....”രാഹുലിന് വാശി കേറി..

“ഉണ്ടോന്നോ.. ഇപ്രാവശ്യത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാരാ.. മാഞ്ചസ്റ്റര്‍ സിറ്റി.. ആ മാഞ്ചസ്റ്റര്‍ സിറ്റീലെ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രെയിന്‍.. ബാഴ്സലോണ ടീമിലെ മൗസാ ഡംബലേ.. പിന്നെ റൊമേലു ലുകാകു.. തിബൗട്ട് കുര്‍ട്ടോയിസ്.. പോരാത്തതിന് മിഡ്ഫീല്‍ഡില് കളി മെനയാന്‍ എന്റെ സ്വന്തം ഏദന്‍ ഹസാര്‍ഡും.. എന്തേ, ഇനീം പറഞ്ഞുതരണോ?” അപ്പൂസും വിട്ടുകൊടുത്തില്ല.

“അയ്യോ വേണ്ടേ… എന്തൊക്കെയായാലും നിന്റെ ബല്‍ജിയത്തിന് പറയാന്‍ മാത്രം ചരിത്രമൊന്നുമില്ലല്ലോ.”രാഹുല്‍ അപ്പൂസിനെ കളിയാക്കി.

“ഉണ്ടല്ലോ.. 1986ലെ ലോകകപ്പ് സെമിഫൈനലിസ്റ്റ്..”

“നിക്കട്ടെ നിക്കട്ടെ.. രാഹുല്‍ ഇടയ്ക്ക് കയറി, ആ സെമിഫൈനലില്‍ ബല്‍ജിയം തോറ്റില്ലേ.. തോല്‍പ്പിച്ചതോ.. ന്റെ സ്വന്തം അര്‍ജന്റീന.”

“അതു ശരിയാ.. എന്നാലും സെമിഫൈനലില്‍ എത്തീലോ.. 1972ലെ യൂറോ കപ്പിലും സെമിഫൈനലില്‍ എത്തി. അതിലും തോറ്റു.. പക്ഷേ, മൂന്നാം സ്ഥാനം കിട്ടി..1980ലെ യൂറോ കപ്പില് ഫൈനലിലും എത്തി.”

“അതിലും തോറ്റില്ലേ.. എന്നാലേ, ന്റെ അര്‍ജന്റീന തോക്കാറില്ല. രണ്ട് വട്ടം ചാമ്പ്യന്‍മാരായോരാ ഞങ്ങള്.” രാഹുല്‍ അഭിമാനത്തോടെ പറഞ്ഞു.

“എന്നിട്ടും അര്‍ജന്റീന ഇപ്പഴും അഞ്ചാം റാങ്കിലല്ലേ. നീ കണ്ടോ.. ഇപ്രാവശ്യത്തെ ലോകകപ്പ് ബല്‍ജിയത്തിനുള്ളതാ.”അപ്പൂസ് രാഹുലിനെ വെല്ലുവിളിച്ചു.

“നമുക്ക് കാണാം.”

“കാണാം.”

“ദേ.. രണ്ടാള്‍ടേം തര്‍ക്കമൊന്നു നിര്‍ത്തിക്കേ. ടീച്ചര്‍ വരുന്നുണ്ട്.”മറ്റു കുട്ടികള്‍ ഇടപെട്ടതോടെ അപ്പൂസും രാഹുലും അവരുടെ സീറ്റിലേക്ക് മടങ്ങി.

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക