Tuesday, 29 October 2019 14:31

അവര് ചുണക്കുട്ടികളാ

എഴുത്ത്‌: ജിനേഷ് പി കെ

കണ്ണന്‍ ആകെ മൂഡ് ഔട്ടായി മൈതാനത്തിന്റെ മൂലയിലിരിക്കുകയാണ്. ഇരിപ്പ് കണ്ടിട്ട് ഇന്ന് കളിക്കിറങ്ങുന്ന മട്ടില്ല. അവനെ ഒന്ന് ശരിയാക്കാനുള്ള വഴി ആലോചിച്ചു അമല്‍. "ഹും ഇപ്പഴേ ഇങ്ങനാണേല്‍ ഞങ്ങടെ CR7ന്റെ പോര്‍ച്ചുഗലിനോട് ലോകകപ്പിലെ ആദ്യ മത്സരം തന്നെ സ്പെയിന്‍ തോല്‍ക്കുമ്പോള്‍ ഈ കണ്ണന്റെ അവസ്ഥ എന്താവും?" അമല്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. താടിയില്‍ കൈകൊണ്ട് താങ്ങ് കൊടുത്തിരിപ്പായിരുന്ന കണ്ണന്‍ ചാടി എണീറ്റു.

"ഹോ.. ഓന്റെ ഒരു ക്രിസ്ത്യാനോ വന്നിരിക്കുന്നു. ഞങ്ങടെ ഡി ഗിയ വലയ്ക്ക് മുന്നില്‍  ഗ്ലൗസ് ഇട്ടു നില്‍ക്കുന്നതേ, ഈച്ചയെ തെളിക്കാനല്ല. ഡി ഗിയയുടെ ഇപ്പോഴത്തെ ഫോം അറിയണമെങ്കിലേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കാണുന്ന ആരോടെങ്കിലും ചോദിച്ചു നോക്ക്. 

അല്ല, ഞങ്ങടെ സ്പെയിനിന്റെ ഡിഫന്‍ഡര്‍ ലൈനപ്പ് കണ്ടിട്ടുണ്ടോ ഇയ്യ്.. ഒത്ത നടുക്ക് പിക്ക്വെയും റാമൊസും. രണ്ടു പേരും വേണേല്‍ പിന്നില്‍ നിന്നും പന്തുമായി കേറി ഗോള്‍ അടിക്കാന്‍ മാത്രം മിടുക്കരാണ്. ഇടത് വശത്ത് ആല്‍ബയും വലത്ത്  കാര്‍വജാലും കൂടി നിരന്നു നില്‍ക്കുമ്പോ CR അല്ല സാക്ഷാല്‍ പെലെ വന്നാലും ഗോളടിക്കാന്‍ ഇത്തിരി കഷ്ടപ്പെടും മോനേ. ഇവരുടെ അത്ര തന്നെയും പോരുന്ന അസ്പിലിക്യൂട്ടയെ ബെഞ്ചില്‍ ഇരുത്തണമല്ലോ എന്ന വിഷമമാണ് ഞങ്ങള്‍ടെ കോച്ചിന്നിപ്പോള്‍."

"ഡി ഗിയ, ആല്‍ബ, പിക്ക്വേ, അമ്പും വില്ലും, മലപ്പുറം കത്തി.. പക്ഷേ, ജൂണില്‍ പവനായി ശവമാവുമല്ലോ." മറുപടി പറയാന്‍ മറ്റൊന്നും കിട്ടാത്തോണ്ട് അമല്‍ പതിനെട്ടാമത്തെ അടവ് ഇറക്കി.

സ്പെയിനിനെ പവനായിയോട് ഉപമിച്ചത് കണ്ണനെ വീണ്ടും ചൊടിപ്പിച്ചു. അവന്റെ ശബ്ദം പെട്ടെന്ന്  ഉച്ചത്തിലായി. 

"പവനായിയെപ്പോലെ വാചകം മാത്രമല്ലാട്ടോ ഞങ്ങടെ സ്പെയിന്‍. മിഡ്ഫീല്‍ഡില്‍ പന്ത് കൊണ്ടു മാജിക്ക് കാണിച്ചിരുന്ന ചാവി- ഇനിയെസ്ട കോമ്പിനേഷനെ അറിയാമായിരുന്നോ  നിനക്ക്. ചാവി വിരമിച്ചു പോയ കുറവ് നികത്താന്‍ ഇപ്പൊ ഞങ്ങള്‍ക്ക് പകരം തിയാഗോ ആണുള്ളത്. ഒപ്പം ഫാബ്രിഗാസോ മാറ്റയോ കൂടെ ചേരും. പിന്നേ ഫോര്‍വേഡ് കളിക്കാന്‍ ഉള്ളത് ലോകത്തെ ഏറ്റവും മികച്ച അഞ്ച് മുന്നേറ്റ നിരക്കാരാണ് - ഡേവിഡ് സില്‍വ, ഇസ്ക്കോ, ഡിയഗോ കോസ്റ്റ, അല്‍വാരോ മൊറാട്ട, പിന്നെ വെറും 22 വയസ്സ് മാത്രമുള്ള മാര്‍ക്കോ അസന്‍സിയോ. ഇതില്‍ നിന്നും രണ്ടോ മൂന്നോ പേരെ മാത്രം ഇറക്കാന്‍ ആവും ചെലപ്പോ കളി ജയിക്കുന്നതിനെക്കാള്‍ ടീം മാനേജ്മെന്‍റ് കഷ്ടപ്പെടുക."

"മതി.. മതി.. ഇനി ബാക്കി യുദ്ധം ഗ്രൗണ്ടില്‍ ആവാം. എല്ലാരും വാ.. കളി തുടങ്ങാം." ഇനിയും വാചകയുദ്ധം തുടര്‍ന്നാല്‍ ഇന്ന് കളി നടക്കാന്‍ സാധ്യത ഇല്ലെന്നു മനസ്സിലാക്കിയ ചിക്കു ഇടപെട്ടു.

കണ്ണനും അമലും സ്പെയിന്‍- പോര്‍ച്ചുഗല്‍ ശത്രുത ഒക്കെ മറന്ന് ഒരേ ടീമില്‍ തന്നെ കളി ആരംഭിച്ചു. ഇനിയെസ്ടയെ മനസ്സില്‍ ധ്യാനിച്ച് കണ്ണന്‍ കൊടുത്ത പാസ്സ് ക്രിസ്ത്യാ നോയെ വെല്ലുന്ന ഒരൊറ്റ ഓട്ടം കൊണ്ട് പോസ്റ്റിനു മുന്‍പിലെത്തി അമല്‍ ഗോളാക്കി മാറ്റിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക