Tuesday, 29 October 2019 14:29

ഓടടാ കണ്ടം വഴി

എഴുത്ത്‌: വിജയന്‍ കോതമ്പത്ത്

“വല്ലാതെ കളിച്ചാൽ ഞങ്ങൾ അടിച്ച് പരത്തിക്കളയും, മഞ്ഞകളേ..”

ഉച്ചക്കൊന്ന് മയങ്ങാൻ കിടന്നതാണ്. അപ്പോഴാണ് ജനാല വഴി അടിച്ചു പരത്തിക്കളയുമെന്ന ഭീഷണി കാതിലെത്തിയത്. ജനാലയിലൂടെ നോക്കി.

പുറത്ത് കുട്ടിപ്പട്ടാളം സംഘം ചേർന്ന് പൊരിഞ്ഞ പോരാട്ടത്തിലാണ്. ഇനി ഈ ലോകകപ്പ് കഴിയുന്നതു വരെ ഒരു രക്ഷയുമില്ല. 

ചെറിയ പുത്രൻ ചേട്ടനെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ടാകണം. അവൻ ബ്രസീൽ ഫാനാണ്. നെയ്മറിന്റെ കടുത്ത ആരാധകൻ. ചേട്ടന്റെ ഇഷ്ട ടീം ഫ്രാൻസാണ്. അതിന് കാരണം സിനദിൻ സിദാന്റെ കേളി കേട്ട കളികളും. രണ്ടു ടീമുകൾക്കും വേണ്ടി അവർ വാദിക്കുന്നത് കണ്ടാൽ തോന്നും ഇവരാണ് ആ ടീമുകളെ കളിക്കാൻ വിട്ടതെന്ന്. ഏതായാലും എന്റെ ഉറക്കം പോയി. ഇനി ഇവരോടൊപ്പം കൂടിയിട്ടു തന്നെ കാര്യം.

“എന്തിനാണെടോ മഞ്ഞകളെ അടിച്ചു പരത്തുന്നത്? അവർ പാവങ്ങളല്ലേ?” ഞാൻ മകനോട് ചോദിച്ചു.

“അവർ അഹങ്കാരികളാണച്ഛാ. ഇവൻ പറയുകയാണ് ഇപ്രാവശ്യം ഞങ്ങളുടെ പണി കഴിക്കുമെന്ന്.”

“ആരാണീ  ഞങ്ങൾ?" എനിക്ക് അറിയാഞ്ഞിട്ടല്ല. വെറുതെ ചോദിച്ചതാണ്.

“അതറിയില്ലേ? ഞങ്ങൾ ഫ്രാൻസ്. വലിയ വീമ്പിളക്കി വന്ന ബ്രസീലുകാരെ ഞങ്ങൾ തകർത്തു വിട്ടില്ലെ. അന്ന് മുതൽ ഈ മഞ്ഞകൾക്ക് ഞങ്ങളെ കണ്ടൂട.”

“നിങ്ങൾ ബ്രസീലുകാരെ തകർത്തെന്നോ, അതെന്ന്?” എനിക്ക് അത്ഭുതം അടക്കാനായില്ല.

“അയ്യോ, അതൊന്നും അച്ഛനറിയില്ലേ? 1998 ലെ ലോകകപ്പ് ഫൈനലിൽ ആരാ ജയിച്ചത്?”

“ആരാ?”

“ഫ്രാൻസ്. ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഈ മഞ്ഞകളെ ഞങ്ങൾ ശരിപ്പെടുത്തിയത്. അതിൽ രണ്ടും അടിച്ചത് സിദാനും.”

ഇവൻ ആള് കൊള്ളാമല്ലൊ. എങ്കിലും ഞാൻ ചോദിച്ചു

“ഒരു തവണയല്ലേ ഫ്രാൻസ് ലോകകപ്പ് നേടിയിട്ടുള്ളു. അതിനിത്ര അഹങ്കരിക്കാനുണ്ടോ?”

“അച്ഛനറിയാമോ, ആദ്യ ലോകകപ്പിൽ കളിച്ച നാല് യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ലോകകപ്പും ഫിഫ കോൺഫഡറേഷൻ കപ്പും ഒളിമ്പിക്ക് മെഡലും നേടിയ നാല് രാജ്യങ്ങളേയുള്ളു. അതിലൊന്നാണ് ഫ്രാൻസ്.”

എനിക്ക് അത്ഭുതം അടക്കാനായില്ല. “ഏതാണ് മറ്റു രാജ്യങ്ങൾ?”

“അത് ജർമനിയും അർജന്റീനയുമാണ്.”

“അപ്പോൾ മൂന്ന് രാജ്യങ്ങളല്ലെ ആയുള്ളു. ഏതാണ് നാലാമത്തെ രാജ്യം?”

“അതിൽ മഞ്ഞകളുമുണ്ട്.”

ഹഹഹ. അവന് ബ്രസീലിന്റെ പേര് പറയാൻ പോലും മടി. “അതിരിക്കട്ടെ നിങ്ങൾക്ക് പെലയെപ്പോലെയൊ മറഡോണയെ പ്പോലേയൊ എന്തിന് ക്രിസ്റ്റ്യാനൊ റോണാൾഡയെപ്പോലേയൊ പേര് കേട്ട ഒരു കളിക്കാരനുണ്ടോ?”

“അച്ഛനറിയാമോ, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരൻ ജസ്റ്റ് ഫോൻടെയ്ൻ ഫ്രഞ്ചുകാരനാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മികച്ച യൂറോപ്യൻ കളിക്കാരനായി തെരഞ്ഞെടുക്കപ്പട്ട കളിക്കാരൻ സിനദിൻ സിദാനും ഫ്രഞ്ചുകാരനാണ്.”

“എന്ന് വെച്ച് നിങ്ങൾ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കപ്പ് നേടണമെന്നുണ്ടോ?”

“അതിലെന്താ സംശയം. ഇക്കുറി കപ്പ് ഞങ്ങളുടെ നീലപ്പടക്ക് തന്നെ.”

“നമുക്ക് കാണാം.” അതുവരെ മിണ്ടാതിരുന്ന ഇളയവൻ ചാടി വീണു.

“അതേടാ നമുക്ക് കാണാം. റഷ്യയിലേക്ക് വാ.”

“ഓടടാ…”

അടിയൊഴിവാക്കാൻ വേണ്ടി ഞാൻ സകലതിനേയും ഓടിച്ചുവിട്ട് വീണ്ടും ഉറങ്ങാൻ കിടന്നു.

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക