Tuesday, 29 October 2019 14:27

മെസ്സിയോളം വരുമോ..

എഴുത്ത്‌: ശ്രീഹരി ശ്രീധരന്‍ വര: സചീന്ദ്രന്‍ കാറഡുക്ക

മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് അശ്വജ് നീട്ടി അടിച്ച ആ പന്ത് ഒരു ഗോളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വസനീയമായ ഒരു നീക്കത്തിലൂടെയാണ് യങ്ങ് കാക്കനാടിനു വേണ്ടി ക്യാപ്റ്റന്‍ അത്രേയി അത് ഗോളാക്കി മാറ്റിയത്. എന്താണ് സംഭവിച്ചതെന്ന് എതിര്‍ ടീമിന് മനസ്സിലായതുപോലുമില്ല. അത്ര പെട്ടെന്നായിരുന്നു ആ നീക്കം. ആരുമാരും ഗോളടിക്കാതെ വിരസമായ കളിയുടെ അവസാനം മനോഹരമായ ഒരു ഗോള്‍. കാണികള്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ച് അത്രേയിയെ അഭിനന്ദിച്ചു.

കളി കഴിഞ്ഞപ്പോള്‍ മൂവാറ്റുപുഴ ബ്രദേഴ്‌സിന്റെ ക്യാപ്റ്റന്‍ ഗോവിന്ദ് അത്രേയിയുടെ കൈ പിടിച്ചു കുലുക്കി. "കണ്‍ഗ്രാറ്റ്സ് ഡിയര്‍."

"ഓ ഇതൊക്കെ എന്ത്? വെറും സെവന്‍സ്. ഞങ്ങൾ ഇത്തവണ ലോകകപ്പ് നേടും. അപ്പം കാണാം ഗോവിന്ദ് ഏട്ടാ."

"ഉവ്വ് ഉവ്വ്. ആ വെള്ളമങ്ങ് ഇറക്കി വെച്ചേര്. സെമിയില്‍ എത്തിയാല്‍ ഭാഗ്യമെന്ന് കരുതിക്കോ." അര്‍ജന്റീനന്‍ ടീമിന്റെ കടുത്ത ആരാധികയായ അത്രേയിയെ ഗോവിന്ദ് കളിയാക്കി. 

"ബെറ്റ് വെക്കണോ? കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് തലനാരിഴയ്ക്കാണ് ഞങ്ങക്ക്  നഷ്ടമായത്. അതിന്റെ സങ്കടവും ഞങ്ങളിത്തവണ തീർക്കും. വെറുതെ പറയുന്നതല്ല കെട്ടോ. അർജന്റീനയുടെ ഫോർവേർഡ് കളിക്കാർ ആരൊക്കെയാണെന്ന് നോക്കിയേ. അഗ്വേറോ, ഡീ മരിയ, ഡിബാല, ഹിഗ്വേയ്ൻ, ഇക്കാർഡി. പിന്നെ ഇവരെ മുന്നിൽ നിന്ന് നയിക്കാൻ ലയണൽ മെസ്സിയും. കഴിഞ്ഞ ലോകകപ്പിലെ മികച്ച കളിക്കാരൻ ആയി തെരഞ്ഞെടുക്കപ്പെട്ട  മെസ്സി ഈ ലോകകപ്പിൽ എത്ര ഗോളടിക്കുമെന്നാണ് എല്ലാരും ഉറ്റു നോക്കുന്നത്. ഈ ഗോവിന്ദേട്ടനൊഴികെ." ഉടുപ്പിന്റെ കീശയില്‍ നിന്നും ഒരു ചോക്കലേറ്റ് എടുത്ത് ഗോവിന്ദിന് നേരെ നീട്ടിക്കാണ്ട് അവള്‍ പറഞ്ഞു. 

വേനലവധിക്കു മാമന്റെ വീട്ടിലേക്കു വന്നതാണ് ഗോവിന്ദ്. രണ്ടുപേരും അടിപൊളിയായി ആഘോഷിക്കുകയാണ്. കളിയോട് കളി. തരം കിട്ടുമ്പോള്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി അങ്കം വെട്ട്. ഗോവിന്ദിനെ ദേഷ്യം പിടിപ്പിക്കാന്‍ അത്രേയിയുടെ പപ്പയുമുണ്ട് കൂടെ. കടുത്ത അര്‍ജന്റീനക്കാരന്‍. മാമന്‍ ജനിക്കേണ്ടത് തന്നെ അര്‍ജന്റീനയിലായിരുന്നു എന്നാണ് ഗോവിന്ദന്റെ പക്ഷം.

"നിങ്ങള് സകല സമയവും മെസ്സി മെസ്സി എന്ന് പറഞ്ഞ് നടന്നോ. എന്നിട്ട് യോഗ്യതാ റൗണ്ടില്‍ തന്നെ ഒത്തിരി വിയര്‍ത്തല്ലോ. ഏതായാലും മൂപ്പര് തീര്‍ത്ഥയാത്രയ്ക്ക് പോവുമെന്നല്ലേ പറഞ്ഞത്. അത് ലോകകപ്പ് കിട്ടിയിട്ടായിരിക്കില്ല. അത് കിട്ടാത്തതിലുള്ള ദുഃഖം കൊണ്ടായിരിക്കും എന്ന് മാത്രം."

"യോഗ്യതാ റൗണ്ടൊന്നും കാര്യമാക്കണ്ട ബ്രോ. അതൊക്കെ ഞങ്ങടെ ഒരു നമ്പറാ. ഞങ്ങക്കേ, പ്രതിരോധനിരയിലും ഒട്ടും മോശക്കാരല്ല ഉള്ളത്. ഓട്ടമെൻഡിയും മാസ്കെരാനോവും നല്ല ഒന്നാന്തരം ഡിഫൻഡർമാരാണെന്ന് ചേട്ടനറിയാമല്ലോ. പിന്നെ ആവശ്യം വന്നാൽ മുന്നിൽ ചെന്ന് ഒരു ഗോളടിക്കാനും ഓട്ടമെൻഡിയ്ക്ക് ഒട്ടും മടിയുണ്ടാകില്ല. ഗോൾകീപ്പർ റൊമേരോയെ പറ്റിച്ച് എളുപ്പത്തിൽ ഗോൾ നേടാമെന്നൊന്നും ആരും കരുതേണ്ട. പിന്നേ, ഞങ്ങടെ കോച്ചുണ്ടല്ലോ സാമ്പവോളി, അങ്ങേര് ചെറിയ തന്ത്രങ്ങൾ ഒന്നുമല്ല കരുതിവെച്ചിരിക്കുന്നത് ട്ടോ. ഇത്തവണ ലോകകപ്പുമായേ അർജന്റീന റഷ്യയിൽ നിന്നും തിരിച്ച് വരൂ." വീടിന്റെ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

വാതില്‍ തുറന്നപ്പോള്‍ പെട്ടെന്ന് അടുക്കളയില്‍ നിന്നുയര്‍ന്ന  മണത്തെ ലക്ഷ്യമാക്കി അര്‍ജന്റീനയേയും ബ്രസീലിനേയും വിട്ട് രണ്ടുപേരും കുതികുതിച്ചു.

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക