Tuesday, 29 October 2019 14:25

മഞ്ഞപ്പടയുടെ മൂളിപ്പാട്ടുണ്ടേ…

എഴുത്ത്‌: നാന്‍സി പാറമ്മല്‍ വര: കെ.സതീഷ്

കിങ്ങിണി രാവിലെ നല്ല മൂഡിലാണ്. കരുതിക്കൂട്ടിയുള്ള വരവാണ്. ചേച്ചിയെയൊന്ന് ഞെട്ടിച്ചേക്കാൻ തന്നെയാണ് ഭാവം.

“മാർക്സിനെപ്പോലെ ചിന്തിക്കുകയും നെപ്പോളിയനെപ്പോലെ യുദ്ധം ചെയ്യുകയും ദലൈലാമയെപ്പോലെ  പ്രാർത്ഥിക്കുകയും മണ്ടേലയെപ്പോലെ ലക്ഷ്യത്തിനുവേണ്ടി ജീവിതം തന്നെ കൊടുക്കുകയും പിന്നെ, ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുകയും ചെയ്യുക. എന്താ ഉത്തരം?”

ചേച്ചിയൊന്ന് വിരണ്ടു. പക്ഷേ, കിങ്ങിണീടെ മുമ്പിലങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ?

“വെക്കേഷനാണ്. പഠിത്തോം ചോദ്യം ചോദിക്കലും ഒന്നും ഇല്ലാന്ന് പറഞ്ഞിട്ട്? നിങ്ങക്കൊക്കെ പിന്നെ എന്തും ആവാലോ ല്ലേ?”

“ഓ… ന്റെ പാവം ചേച്ചീ… ഉത്തരം അറിയില്ലേ, അറിയില്യാ പറഞ്ഞാ പോരേ? ഇത് പഠിത്തം ഒന്ന്വല്ല. കളിയാണ്. ഫുട്ബോള്;  ഫുട്ബോളാണുത്തരം.”

“എനിക്കപ്പഴേ തോന്നി.”

“എന്ത് തോന്നി? ചേച്ചീടെ ഉഡായിപ്പിത്തിരി കൂട്ണ് ണ്ട് ട്ടോ.”

“കുറച്ചോളാം. ആട്ടെ. ഇതിപ്പൊ എവിടുന്ന് കിട്ടി ഈ കിടുക്കാച്ചി ചോദ്യം?”

“അത് മ്മടെ സോക്രട്ടീസ് പറഞ്ഞതാ.”

“സോക്രട്ടീസ്, ച്ചാല്… ഫിലോസഫിയൊക്കെ പറേണ...”

“ചേച്ചീ…! ചേച്ചിക്ക് ഫുട്ബോളിനെപ്പറ്റീം മ്മടെ ടീമിനെപ്പറ്റീം ഒരു ചുക്കും അറിഞ്ഞൂട.. അതാ ഇമ്മാതിരി തട്ടുപൊളിപ്പന്‍ സംശയോം കൊണ്ട് വര്ണത്. ഒക്കെ ഞാന്‍ ശരിയാക്കിത്തരാം… ഒരഞ്ച് മിനിട്ട് ഞാമ്പറയണതൊന്ന് കേള്‍ക്കാന്‍ പറ്റ്വോ?”

“കേള്‍ക്കാം. പക്ഷേ, ചുരുക്കിപ്പറയണം.”

“ഏറ്റു.”

“ന്നാ തുടങ്ങിക്കോ. വിസിലടിച്ചിരിയ്ക്കുന്നു.”

“ബ്രസീലാണ് മ്മടെ ടീം. ബ്രസീലിയൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ടീമിന്റെ നിയന്ത്രണം. CBF ന്ന് ചുരുക്കിപ്പറയാം. ടീമിന്റെ മഞ്ഞയും നീലയും കലര്‍ന്ന എംബ്ലത്തിലൊക്കെ ഉണ്ട് ഈ CBF. ചില്ലറക്കാരൊന്നുമല്ല. ലോകകപ്പ് തുടങ്ങിയ കാലംതൊട്ട് അതില്‍ കളിക്ക്ണ ഏക കൂട്ടരാണ്. ലോകകപ്പിലെ മൊത്തം പെര്‍ഫോമൻസ് വച്ച് നോക്കുമ്പഴും ഒന്നാം സ്ഥാനത്ത് വരും. 1923 മുതല്‍ ഫിഫയില്‍ അംഗമാണ് മ്മടെ ടീം.”

“ആഹാ… വര്‍ഷം ഒക്കെ ഓര്‍ത്തുവച്ചിട്ടുണ്ടല്ലോ?”

“പിന്നല്ല! കേള്‍ക്കണോ? 1958, 1962, 1970, 1992, 2002.”

“ഇതെന്തൂട്ട്?”

“ഇപ്പറഞ്ഞ കൊല്ലങ്ങളിലൊക്കെ ലോകകപ്പ് ആരാ കൊണ്ടുപോയേ? മ്മടെ ബ്രസീലന്നെ. അതായത് നാല് വന്‍കരയിലും വച്ച്  ലോകകപ്പ് ജയിച്ചോരാണ് മ്മളെന്ന്. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടിയതും മ്മളന്നെ. ആകെ 21 ലോകകപ്പ് കളിച്ചു. കോപ്പ അമേരിക്കയില് 33 തവണേം കളിച്ചു. ലോകകപ്പും കോണ്‍ഫെഡറേഷൻ കപ്പും ഒളിമ്പിക്സ് ടൂര്‍ണമെന്റും ജയിച്ച ടീമാണ് ബ്രസീല്.”

“കിങ്ങിണീ… ന്നാലും ഈ സോക്രട്ടീസ്…?”

“തോക്കില് കേറി വെടിവയ്ക്കല്ലേ ചേച്ചീ… പറയാം. റോ… റോ… റി ടീം ന്ന് പറയുന്നത് ബ്രസീലിനെപ്പറ്റിയാണ്. എന്നുവച്ചാല്‍ റൊണാള്‍ഡോ. റൊണാള്‍ഡിഞ്ഞ്യോ, റിവാര്‍ഡോ എന്നിവരുടെയൊക്കെ ടീമാണെന്ന്. ഇവര് മാത്രമല്ല, ഇതിഹാസ താരങ്ങളൊരു പാടുണ്ട്. ഇപ്പോഴത്തെ സൂപ്പര്‍ ഹീറോ നെയ്മര്‍ മുതല്‍ കാക, പെലെ, സോക്രട്ടീസ്, ഗറിഞ്ച… എല്ലാരും മ്മളെ ആള്‍ക്കാരാ.”

“എന്തു പറഞ്ഞിട്ടെന്താ കിങ്ങിണീ… 2014ലെ ബ്രസീലിന്റെ തോല്‍വി അങ്ങനെ എളുപ്പം മറക്കാന്‍ പറ്റ്വോ.”

“ചേച്ചി പോയെ. ഇപ്രാവശ്യം നമ്മള്‍ തകര്‍ക്കും. ടൈറ്റാ കോച്ച്. ടീമംഗങ്ങളൊക്കെ റെഡി. ഇനി പരിക്ക് മാറി നെയ്മറുകൂടി ഒന്നിങ്ങ് വന്നാ മതി.”

“തന്നെ തന്നെ. മ്മക്ക് റഷ്യേല് കാണാം.”

“ആ കാണാം. പൊളിച്ചടുക്കണ കാണാം. അല്ല പിന്നെ.”

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക