Tuesday, 29 October 2019 14:20

ലോകം കാത്തിരിക്കുന്ന പൂരം

എഴുത്ത്‌: കെ.എം.നരേന്ദ്രന്‍ വര: സചീന്ദ്രന്‍ കാറഡുക്ക

ഭൂമിയില്‍ ഏറ്റവും ആരാധകരുള്ള കളി  ഏതാണ്? സംശയമില്ല, ഫുട്ബോള്‍ തന്നെ. ക്രിക്കറ്റിന് ഇന്ത്യയില്‍ വളരെയേറെ ആരാധകരുണ്ട്. പക്ഷേ, ഇന്ത്യയടക്കം പത്തു പന്ത്രണ്ട് രാജ്യങ്ങളിലേ ക്രിക്കറ്റുള്ളൂ. എന്നാല്‍ ഫുട്ബോളിന്റെ   സ്ഥിതി അതല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഫുട്ബോളും ഫുട്ബോള്‍ കളിക്കാരും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ലോകകപ്പ് ഫുട്ബോള്‍ ആണ്. നാലുകൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പിനെ കാത്തിരിക്കുകയാണ് എല്ലാവരും. ഈ വരുന്ന ജൂണ്‍ 14ന് റഷ്യയില്‍ കളി തുടങ്ങും. മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും.

ആകെ 32 രാജ്യങ്ങളാണ് ലോകകപ്പില്‍ മത്സരിക്കുക. ഇതില്‍ 31 രാജ്യങ്ങള്‍ ലോകത്തിലെ വിവിധ വന്‍കരകളിലെ പ്രാഥമിക മത്സരങ്ങള്‍ ജയിച്ചിട്ടാണ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശനം നേടിയത്. എന്നാല്‍ റഷ്യ മാത്രം പ്രവേശന മത്സരമൊന്നും  കളിക്കാതെയാണ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശിച്ചത്. കാരണം എന്താണെന്നല്ലേ? റഷ്യയില്‍ വച്ചാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അവര്‍ ആതിഥേയരാണ്. ആതിഥേയര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഭാവിയില്‍ ഇന്ത്യയില്‍ ലോകകപ്പ് നടക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും യോഗ്യതാ മത്സരമൊന്നും കളിക്കാതെ നേരിട്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം!

ആകെ 32 രാജ്യങ്ങളാണ് പങ്കെടുക്കുക എന്ന് പറഞ്ഞു. അതില്‍ ഒരെണ്ണം റഷ്യ. ബാക്കി 31 രാജ്യങ്ങളില്‍ 13 എണ്ണം യൂറോപ്പില്‍ നിന്നാണ്. ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നീ വന്‍കരകളില്‍ നിന്ന് അഞ്ചുവീതം രാജ്യങ്ങളും വടക്കേ അമേരിക്കയില്‍ നിന്ന് മൂന്ന് രാജ്യങ്ങളും പങ്കെടുക്കും. അങ്ങിനെ ആകെ 31. ഒരു സംശയം: എന്താ യൂറോപ്പില്‍ നിന്ന് 13 രാജ്യങ്ങള്‍? യൂറോപ്പിന്റെ എത്രയോ ഇരട്ടി ജനസംഖ്യയില്‍ നിന്നാകട്ടെ വെറും അഞ്ചു ടീമുകളും. ഇത് സത്യത്തില്‍ അനീതിയല്ലേ? ശരിയാണ്, വലിയൊരളവോളം അനീതി തന്നെ. എന്നാലും ഒരു കാരണം കൂടി പറഞ്ഞേ പറ്റൂ. യൂറോപ്പില്‍ നിന്നാണ് ഏറ്റവും മികച്ച ഫുട്ബോള്‍ രാജ്യങ്ങള്‍ വരുന്നത്. നേരെ മറിച്ച്, ഏഷ്യയില്‍ നിന്ന് അത്ര വലിയ ടീമുകള്‍ ഇല്ല. ഇതാണ് യൂറോപ്പിന് പരിഗണന കൂടുതല്‍ കിട്ടാന്‍ കാരണം. ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട് 

തുടങ്ങിയ പ്രബല ഫുട്ബോള്‍ രാജ്യങ്ങള്‍ യൂറോപ്പിലാണ്.  ഏഷ്യയില്‍ നിന്ന് ഇവരോട് കിടപിടിക്കുന്ന ടീമുകള്‍ ഇല്ല.

ഇത്തവണ ലോക ചാമ്പ്യന്മാരാവാന്‍ പോകുന്നത് ഏത് രാജ്യമാണ്? ഉത്തരം പറയാന്‍ എളുപ്പമല്ല. എങ്കിലും, ഇനി പറയാന്‍ പോകുന്ന ടീമുകള്‍ക്കാണ് ഏറ്റവും സാധ്യത: ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്‍. പോളണ്ട്, ഉറൂഗ്വേ, പോര്‍ത്തുഗല്‍ എന്നീ ടീമുകള്‍ ഒട്ടും മോശമല്ല. റഷ്യ ആതിഥേയരല്ലേ? അവരും ഉഗ്രന്‍ ‍കളി കളിക്കും. കഴിഞ്ഞ തവണ കളിച്ച രണ്ട് മികച്ച ടീമുകള്‍ ഇത്തവണ കളിക്കില്ല. ഇറ്റലിയും പോളണ്ടും. അവര്‍ രണ്ടുപേരും യോഗ്യതാ മത്സരങ്ങളില്‍ തീരെ മോശമായാണ് കളിച്ചത്. അതാണ് അവര്‍ക്ക് പ്രവേശനം കിട്ടാതെ പോയത്. രസകരമായ കാര്യം, യോഗ്യതാ മത്സരങ്ങളില്‍ മോശമായി കളിച്ച് പുറത്ത് പോയശേഷം പോളണ്ടും ഇറ്റലിയും തങ്ങള്‍ നല്ല ടീമുകള്‍ തന്നെയെന്ന് തെളിയിച്ചു കഴിഞ്ഞു എന്നതാണ്. ഈയടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ച പോര്‍ത്തുഗലും പോളണ്ടും തമ്മില്‍ ഒരു സൗഹൃദമത്സരം നടത്തി. ലോകകപ്പില്‍ പ്രവേശനം കിട്ടാതെ പോയ പോളണ്ട് മറുപടിയില്ലാതെ മൂന്നു ഗോളുകള്‍ക്കാണ് പ്രവേശനം കിട്ടിയ പോര്‍ത്തുഗലിനെ തകര്‍ത്തത്! അതുപോലെ മെസ്സി കളിക്കുന്ന ബാര്‍സലോണ ക്ലബ്ബിനെ ഇറ്റലിയിലെ റോമാ ക്ലബ് തോല്‍പ്പിച്ചു. ഇതൊക്കെ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. ഇത്തവണ പ്രവേശനം കിട്ടിയില്ല എന്നതുകൊണ്ട് ഇറ്റലിയെയും പോളണ്ടിനെയും എഴുതിത്തള്ളാന്‍ കഴിയില്ല. അടുത്ത ലോകകപ്പിന് അവര്‍ തിരിച്ചുവരാനും നല്ല കളി കളിക്കാനും സാധ്യതയുണ്ട്.

റഷ്യയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പില്‍ അഡിഡാസ് കമ്പനിയുടെ ടെല്‍സ്റ്റാര്‍-18 എന്ന് പേര്‍ കൊടുത്തിട്ടുള്ള ഫുട്ബോള്‍ ആണ് ഉപയോഗിക്കുക. അഡിഡാസ് കമ്പനിക്കുവേണ്ടി ഈ ഫുട്ബോള്‍ ഉണ്ടാക്കുന്നത് പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടിലുള്ള ഫോര്‍വേഡ് സ്പോര്‍ട്സ് എന്ന സ്ഥാപനമാണ്. വളരെ പണ്ടുകാലത്ത് തോല്‍ക്കഷണങ്ങള്‍ തുന്നിക്കൂട്ടിയായിരുന്നു പന്തുണ്ടാക്കിയിരുന്നത്. ഇന്ന് ആ രീതിയൊക്കെ മാറി. തോല്‍ക്കഷണങ്ങള്‍ തുന്നിക്കൂട്ടുന്ന രീതി ഇന്നില്ല. പകരം പ്രത്യേകതരം പശകൊണ്ട് തോല്‍ക്കഷണങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ഉണ്ടാക്കുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ്.

ലോകകപ്പിന് ഉപയോഗിക്കുന്ന ഫുട്ബോളുകള്‍ സാങ്കേതിക മികവുള്ളതായിരിക്കും. ഫുട്ബോളിന്റെ ഭാരം, അടിച്ച പന്ത് വായുവില്‍ എങ്ങിനെ പറന്നുയരുന്നു, മൈതാനത്ത് എങ്ങിനെ ഉരുളുന്നു എന്നിവയൊക്കെ കൃത്യമായും ശാസ്ത്രീയമായും അളന്നുനോക്കിയാണ് ഏത് കമ്പനിയുടെ പന്തുകളാണ് ലോകകപ്പില്‍ കളിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. 2014ലെ ലോകകപ്പില്‍ അഡിഡാസ് ബ്രസൂക്ക എന്ന പന്തും 2010ലെ ലോകകപ്പില്‍ അഡി ഡാസ്  ജബുലാനി എന്ന പന്തുമാണ്  കളിക്കാന്‍ ഉപയോഗിച്ചത് എന്ന് നിങ്ങളില്‍ ആര്‍ക്കെങ്കിലും ഓര്‍മയുണ്ടോ?

ലോകഫുട്ബോളില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി (തെക്കേ അമേരിക്കന്‍ ശൈലി), യൂറോപ്യന്‍ ശൈലി എന്നീ രണ്ട് ശൈലികള്‍ ഉണ്ടെന്ന് പലരും പറയാറുണ്ട്. സത്യത്തില്‍ ഇങ്ങിനെ രണ്ട് ശൈലിയൊന്നും ഇന്നത്തെ ഫുട്ബോളില്‍ ഇല്ല. പത്തിരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഇങ്ങിനെയൊരു വിഭജനം ശരിയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ ശൈലി യിലാണ് കളിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ പ്രത്യേകതകളായ ചെറിയ ചെറിയ പാസുകളും ഡ്രിബ്ളിങ്ങും നന്നായി പഠിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് കളിമൈതാനത്ത് ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്യന്‍ എന്നീ രണ്ട് ശൈലികള്‍ കാണാനൊന്നും കഴിയില്ല. പണ്ടുകാലത്ത് അതായിരുന്നില്ല സ്ഥിതി. 1960 കളിലും 70 കളുടെ തുടക്കത്തിലും പെലെ യുടെ ബ്രസീല്‍ കളിച്ചിരുന്നത് ശരിയായ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയിലായിരുന്നു.

മാത്രമല്ല, അക്കാലത്ത് ഇംഗ്ലണ്ടും ജര്‍മനിയുമൊക്കെ യൂറോപ്യന്‍ ശൈലിയുമാണ് സ്വീകരിച്ചിരുന്നത്. നീണ്ട പാസുകളും അതിവേഗതയുമാണ് യൂറോപ്യന്‍ ശൈലിയുടെ രീതി. കളിക്കാരുടെ വ്യക്തിപരമായ തന്ത്രങ്ങള്‍ക്ക് അവര്‍ ഏറെ പ്രാധാന്യം കൊടുക്കാറില്ല. അക്കാലത്ത് ഇംഗ്ലണ്ടും ബ്രസീലും തമ്മില്‍ കളിച്ചാല്‍ രണ്ട് ശൈലികള്‍ തമ്മിലുള്ള കളി നടക്കുന്നതായി ആര്‍ക്കും മനസ്സിലാവും. എന്നാല്‍ ഇന്നത്തെ കാലത്ത് ആ വ്യത്യാസം ഇല്ലേയില്ല.

ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ എന്നീ രണ്ട് ശൈലികളെപ്പോലെ ചില രാജ്യങ്ങള്‍ സ്വന്തമായ തന്ത്രങ്ങളും ശൈലികളും സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായ ശൈലികളാണ് പോളണ്ടിന്റെ ടോട്ടല്‍ ഫുട്ബോള്‍ ശൈലി, ഇറ്റലിയുടെ കാറ്റനാച്ചിയോ ശൈലി, സ്പെയിനിന്റെ ടിക്കി ടാക്ക, ഇറ്റലിക്കാര്‍ പണ്ട് ഉപയോഗിച്ചിരുന്ന സോണമിസ്റ്റ ശൈലി എന്നിവ. പ്രത്യേകിച്ച് പേരൊന്നും കൊടുത്തിട്ടില്ലെങ്കിലും ജര്‍മനിയും വ്യതിരിക്തമായ ഫുട്ബോള്‍ ശൈലി വിജയകരമായി പരീക്ഷിച്ച ടീമാണ്. ഓരോ ലോകകപ്പിലും ഓരോതരം ശൈലിയുടെ വിജയപ്രദമായ പ്രയോഗങ്ങള്‍ ഉണ്ടാകും. 2014ല്‍ ജര്‍മനി ചാമ്പ്യന്മാരായതില്‍ അവരുടെ ശൈലിയുടെ വിജയം കൂടിയുണ്ടായിരുന്നു. മികച്ച നീണ്ട പാസുകള്‍, അതിവേഗത്തിലുള്ള മുന്നേറ്റങ്ങള്‍, വെടിയുണ്ടപോലെ ഷോട്ടുകള്‍ എടുക്കാനുള്ള കഴിവ്, അസാധ്യമായ കൃത്യത - ഇതായിരുന്ന ജര്‍മനിയുടെ ശൈലി. 2010ല്‍ ചാമ്പ്യന്മാരായത് സ്പെയിനായിരുന്നു. കുറിയ കുറിയ പാസുകള്‍കൊണ്ട് മിഡ്ഫീല്‍ഡില്‍ വലക്കെട്ട് നെയ്യുന്ന ടിക്കി ടാക്ക എന്ന ശൈലിയായിരുന്നു അവര്‍ സ്വീകരിച്ചത്. എതിര്‍ടീമിന് പന്ത് തൊടാന്‍ പോലും കിട്ടില്ല. സ്പെയിനിന്റെ കുറിയ പാസുകള്‍ ആരംഭിച്ചാല്‍ ആ പാസുകള്‍ക്കൊടുവില്‍ എതിരാളി തളരും. ആ സമയത്ത് സ്പെയിന്‍ ഗോളടിക്കുകയും ചെയ്യും. 

2006 ല്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ അവര്‍ സ്വീകരിച്ച കാറ്റനാച്ചിയോ ശൈലിയു ടെ ഗാംഭീര്യം ലോകത്തിന് മനസ്സിലായി. കാറ്റനാച്ചിയോ എന്ന വാക്കിനര്‍ത്ഥം ‘പൂട്ട്’ എന്നാണ്. എതിരാളിയെ താഴിട്ട് പൂട്ടുന്ന പ്രതിരോധ തന്ത്രമാണിത്. ഈ ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത, കളി മിക്കവാറും നടക്കുക ഇറ്റലിയുടെ ഗോള്‍വലയത്തിന് അടുത്താവും എന്നാണ്. എതിരാളികള്‍ക്ക് ഇറ്റലിയെ ആക്രമിക്കാന്‍ ഇഷ്ടംപോലെ അവസരം കിട്ടും. പക്ഷേ, ഇറ്റലിയുടെ ഗോള്‍വലയില്‍ ഒരു ഗോള്‍പോലും വീഴില്ല. അത്ര ഭദ്രമായിരിക്കും ആ പ്രതിരോധം. അങ്ങിനെ എതിരാളികള്‍ ആക്രമിച്ചു കയറുമ്പോള്‍ അവരുടെ ഗോള്‍വലയത്തിനടുത്ത് ഗോളി മാത്രമേ ഉണ്ടാകൂ. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ പന്ത് വിദഗ്ധമായി ഇറ്റലിക്കാര്‍ തട്ടിയെടുക്കും. അവര്‍ എതിര്‍ ഭാഗത്തേക്ക് ആക്രമിച്ച് ഗോളടിക്കും. 2006ല്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ അവര്‍ ആകെ പതിമൂന്ന് ഗോളുകളേ എതിരാളികള്‍ക്കെതിരെ അടിച്ചുള്ളൂ. പക്ഷേ, സ്വന്തം വലയില്‍ ഒരു ഗോള്‍ പോലും വീഴാന്‍ അനുവദിക്കാതെ അവര്‍ കപ്പും കൊണ്ടുപോയി. ഇത്തവണ, 2018ല്‍, ലോകകപ്പില്‍ പുതിയൊരു ശൈലിയുമായി ആരെങ്കിലും വരുമോ? കാത്തിരുന്ന് കാണാം. 

മറ്റൊരു സ്വപ്നം കൂടി നമുക്കൊക്കെയുണ്ട്. ചില ലോകകപ്പുകളിലെങ്കിലും മനുഷ്യാതീതമായ കഴിവുകളുമായി ചില സൂപ്പര്‍ താരങ്ങളുടെ പടയോട്ടം ഉണ്ടാവാറുണ്ട്. 1970 ലെ പെലെ, 1974ലെ യോഹാന്‍ കൈഫ്, 1986ലെ ഡീഗോ മാറഡോണ എന്നിവര്‍ ഉദാഹരണം. ഇവര്‍ക്ക് തുല്യരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും. പക്ഷേ, എന്തുകൊണ്ടോ കപ്പുംകൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല വെട്ടിത്തിളങ്ങാനും കഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രശ്നം സ്വന്തം ടീമായ പോര്‍ത്തുഗല്‍ അത്ര കരുത്തുള്ള ടീമല്ല എന്നതാണ്. മെസ്സിയുടെ പ്രശ്നം സ്വന്തം രാജ്യത്തിന്റെ (അര്‍ജന്റീനയുടെ) ടീമുമായി ഇണങ്ങാന്‍ കഴിയുന്നില്ല എന്നതും. ബാര്‍സലോണ എന്ന ക്ലബ്ബിന് വേണ്ടി മാജിക് പുറത്തെടുക്കുന്ന മെസ്സി സ്വന്തം ദേശീയ ടീമില്‍ എത്തുമ്പോള്‍ വെറും സാധാരണ കളിക്കാരനായി മാറുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ഒരു സൂപ്പര്‍ താരദൈവത്തിന്റെ വിളയാട്ടം കാണുമോ? അതായത് തലമുറകളോളം പാടിയും പറഞ്ഞും നടക്കാന്‍ ഉതകുന്ന വലിയൊരു വീരഗാഥ? കാത്തിരിക്കുക തന്നെ.

 

 

ലോകകപ്പിലെ പന്തുകള്‍

1970    അഡിഡാസ് ടെല്‍സ്റ്റാര്‍ 

1974    ടെല്‍സ്റ്റാര്‍ ഡുര്‍ലാസ്റ്റ് 

1978    ടാങ്കോ 

1982    ടാങ്കോ എസ്‌പാന 

1986    അസ്റ്റെക്ക 

1990    എറ്റ്റൂസ്കോ 

1994    ക്വെസ്‌റ്റ്റ

1998    ട്രൈകളര്‍ 

2002    ഫെവര്‍ നോവ 

2006    റ്റീംജീസ്റ്റ് 

2010    ജബുലാനി 

2014    അഡിഡാസ് ബ്രസൂക്ക 

2018    അഡിഡാസ് ടെല്‍സ്റ്റാര്‍ - 18 

 

വളരെ ചെറിയ വ്യത്യാസങ്ങളേ ഈ പന്തുകള്‍ക്ക് തമ്മിലുള്ളൂ. എങ്കിലും പന്തിന്റെ ഡിസൈനിങ്ങിലും അതിന്റെ മുകളില്‍ ഒട്ടിക്കുന്ന നേരിയ ആവരണത്തിലുമൊക്കെ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ഓരോ തവണത്തെയും പുതുമയാണ്.

 

 

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക