Tuesday, 29 October 2019 13:39

ഇനി പരിസ്ഥിതിക്കുവേണ്ടി പഠിക്കാം

എഴുത്ത്‌: പി.വി. വിനോദ്കുമാര്‍ കുട്ടമത്ത്

ഭൂമിയില്‍ ജനിച്ചുവീഴുന്നയുടന്‍ ഒരു കുഞ്ഞ് പരിസ്ഥിതിയെ അറിഞ്ഞുതുടങ്ങുന്നുണ്ട്. അമ്മയുടെ ശബ്ദവും സ്പര്‍ശനവുമറിയുന്നതില്‍ തുടങ്ങി, പതിയെ മുറ്റത്തു വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെ കാണുമ്പോള്‍, അവയില്‍ ഒട്ടിനില്‍ക്കുന്ന മഞ്ഞുതുള്ളിയുടെ തണുപ്പറിയുമ്പോള്‍, ഉത്തരം താങ്ങിനില്‍ക്കുന്ന പല്ലിയുടെ വിരുതറിയുമ്പോള്‍, മഴ നനയലിന്റെ രസം നുണയുമ്പോള്‍ അങ്ങനെയങ്ങനെ നമ്മള്‍ക്കു നേരിട്ടറിയാവുന്ന, അനുഭവിക്കാനാവുന്ന ഇടപെ ടാന്‍ കഴിയുന്ന നമുക്കു ചുറ്റുമുള്ളവയെയൊക്കെ ചേര്‍ത്താണ് സൂക്ഷ്മ പരിസ്ഥിതി അഥവാ ആസന്ന പരിസ്ഥിതി എന്നു വിളിക്കുന്നത്. വീടും പറമ്പും വയലും വഴിയോരവും വിദ്യാലയപരിസവരവും ഒക്കെ ഇതില്‍പ്പെടും. തൊട്ടടുത്തുള്ള ഈ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെ വേഗത്തില്‍ സ്വാധീനിക്കുന്നവയാണ്. കിണറിലെ ജലം താഴുന്നത്, വയലുകള്‍ നികത്തുന്നത്, തൊട്ടടുത്ത ക്വാറിയില്‍ നിന്നും പൊടിപടലങ്ങളുയരുന്നത്, വാഹനങ്ങള്‍ പെരുകുന്നത് അങ്ങനെയൊരുപാട് കാര്യങ്ങള്‍.

എന്നാല്‍ കുറേക്കൂടി വിശാലമായാണ് സ്ഥലപരമായ വിസ്തൃതി പരിഗണിക്കുന്നതെങ്കില്‍ അത് സ്ഥൂലപരിസ്ഥിതിയുടെ ഭാഗമാകും. നമ്മുടെ സംസ്ഥാനം, അല്ലെങ്കില്‍ രാജ്യം നേരിടുന്ന വരള്‍ച്ച, അതുമൂലമുള്ള ജലക്ഷാമവും അനുബന്ധ പ്രശ്നങ്ങളും, മാലിന്യങ്ങള്‍ കുന്നുകൂടുന്നതുകൊണ്ടുള്ള പ്രതിസന്ധികള്‍, വനനശീകരണത്തിന്റെ ഭവിഷ്യത്തുകള്‍ എന്നിവയൊക്കെ സ്ഥൂലപരിസ്ഥിതി പ്രശ്നങ്ങളാണ്. നാം അധിവസിക്കുന്ന ഭൂമിയെത്തന്നെ പൊതുവായി പരാമര്‍ശിക്കുമ്പോള്‍ നമുക്കതിനെ ആഗോളപരിസ്ഥിതി എന്നു വിളിക്കാം. കാലാവസ്ഥാമാറ്റം, ആഗോളതാപനം, ധ്രുവങ്ങളിലെ മഞ്ഞുരുകല്‍, സമുദ്രനിരപ്പുയരല്‍, ഓസോണ്‍ പാളിയുടെ ക്ഷതം എന്നിങ്ങനെ ലോകം നേരിടുന്ന വെല്ലുവിളികളും ആഗോളപരിസ്ഥിതി സംബന്ധമാണെന്നു പറയാം. 

പരിസ്ഥിതിയെ ബാധിക്കുന്ന മുഖ്യമായ പല വിഷയങ്ങളും ലോകജനതയുടെ മുന്നില്‍ കൊണ്ടുവരുന്നതിനാണ് ഐക്യരാഷ്ട്രസഭ, യു.എന്‍.ഇ.പി.യുടെ  നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. നാം നമ്മുടെ ജീവിതരീതിയില്‍, ഉപഭോഗക്രമത്തില്‍ മാറ്റം വരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നതാണ് പരിസ്ഥിതി ദിന സന്ദേശങ്ങളുടെ പൊതു അന്തസത്ത. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം അതിനാല്‍ അത്രമേല്‍ ഗൗരവതരമാണ്. Beat Plastic Pollution അഥവാ പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്നതാണത്. ഇപ്രാവശ്യത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ആതിഥേയരാജ്യം ഇന്ത്യയാണെന്നതും, നാം പ്ലാസ്റ്റിക്കിന് കീഴടങ്ങിയ ജനതയാണെന്നതും ഇക്കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തം വളരെ വര്‍ധിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തില്‍ അതിന് സൂക്ഷ്മ മെന്നോ സ്ഥൂലമെന്നോ ആഗോളമെന്നോ ഉള്ള അതിര്‍വരമ്പുകളൊന്നും തന്നെ ബാധകമല്ലതാനും. ഐക്യരാഷ്ട്രസഭയുടെ ഇതു സംബന്ധിച്ച പഠനക്കുറിപ്പില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ഒന്നു പരിശോധിക്കാം.

നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ കുതിയോളവും ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിള്‍ ഉല്‍പ്പന്നങ്ങളോ ആണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നാം ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അതേ അളവ്, ഈയൊരു പത്തു വര്‍ഷം പിന്നിടുമ്പോഴേക്കും നാമുപയോഗിച്ചുതീര്‍ത്തിരിക്കുന്നു.

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് എന്തായിരിക്കണം നമ്മുടെ മറുപടി?

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനുമായി നമുക്കൊറ്റക്കായും സംഘമായും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെന്തൊക്കെയാണ്? അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ഒരു ശീലമെന്നതുപോലെ, പെരുമാറ്റരീതികള്‍ പോലെ പിന്തുട രുകയും ചെയ്യുകയല്ലേ നമുക്കു നല്‍കാനുള്ള മറുപടി. അതിനെ നമുക്ക് ഹരിത പെരുമാറ്റച്ചട്ടം അഥവാ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നൊക്കെ വിളിക്കാം. വീട്ടിലും വിദ്യാലയത്തിലും ഇതു പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയണം. മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക, മാലിന്യോത്പാദനം ഇല്ലാതാക്കുക, മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.

സ്കൂളിലും വീട്ടിലും മാലിന്യങ്ങളുണ്ടാകുന്നത് നമുക്കാവുന്ന രീതിയില്‍ കുറച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. ഏതാനും നാളുകള്‍ മാത്രമുപയോഗിച്ച് വലിച്ചെറിയുന്ന ബോള്‍പേനകള്‍ക്കു പകരം, ദീര്‍ഘകാലം ഉപയോഗിക്കാവുന്ന മഷിപ്പേനകള്‍ ഉപയോഗിച്ചു ശീലിക്കാം.  വളരെ ചെറിയ കുട്ടികള്‍ക്ക് പെന്‍സിലുകളും മതി. പ്ലാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായും ഒഴിവാക്കണം. തുണി/ ചണ സഞ്ചികള്‍ പകരം ഉപയോഗിക്കാം. 

ഡിസ്പോസിബിള്‍ ഉല്‍പ്പന്നങ്ങളും വേണ്ടെന്നു വെയ്ക്കണം. ഗ്ലാസുകള്‍, പ്ലെയ്റ്റുകള്‍, സഞ്ചികള്‍ തുടങ്ങിയ പലതും കഴുകി ഉപയോഗിക്കാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതും തന്നെയാവണം. വീട്ടിലും സ്കൂളിലും മാത്രമല്ല ആഘോഷങ്ങളിലും ഇവ ബാധകമാക്കാന്‍ നമുക്കും ശ്രമിക്കാവുന്നതാണ്. ആഹാരം കൊണ്ടുവരുന്നതും സ്റ്റീല്‍പാത്രങ്ങളില്‍ തന്നെയാണു നല്ലത്. സ്കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലഭിക്കുന്ന ആഹാരം പാഴാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

ജൈവ- അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കാന്‍  ഓരോ ക്ലാസിലും പ്രത്യേകം ബിന്നുകള്‍ വെയ്ക്കുന്നതും, ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമായോ ബയോഗ്യാ സായോ മാറ്റുന്നതിനും വിദ്യാലത്തില്‍ സജ്ജീകരണമുണ്ടാകേണ്ടതും അത്യാവശ്യമാണ്. അജൈവ വസ്തുക്കളാണെങ്കില്‍ തരംതിരിച്ച് കഴുകി വൃത്തിയാക്കി പുനഃചംക്രമണത്തിന് നല്‍കാവുന്നതുമാണ്.

ഇ-മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കുകയും അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യാം.

ആഘോഷവേളകളിലും പ്രത്യേക പരിപാടികള്‍ നടക്കുമ്പോഴും ഫ്ലക്സുകള്‍ പൂര്‍ണമായും ഒഴിവാക്കാം. തുണിയില്‍ തയ്യാറാക്കിയ ബാനറുകളും പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും മാത്രം ഉപയോഗിക്കാം.

സ്കൂളിന്റെയും വീടിന്റെയും പ്രാദേശിക സ്വഭാവമനുസരിച്ച് സൈക്കിളുകള്‍ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം.

സ്കൂളില്‍ ജൈവവൈവിധ്യ ഉദ്യാനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് പരിസ്ഥിതിയെ അറിയാനും സംരക്ഷിക്കാനും അതിനോടിണങ്ങി ജീവിക്കുന്നതിനുമുള്ള ധാരാളം പ്രവര്‍ത്തന സാധ്യതകളുണ്ട്. പ്രകൃതിയെ കണ്ടും തൊട്ടും നിരീക്ഷിച്ചും പഠിക്കാനുള്ള അവസരങ്ങള്‍ പ്രകൃതിയില്‍ നിന്നുതന്നെ പ്രകൃതിയെക്കുറിച്ച് പഠിക്കുക എന്നതും പ്രകൃതിക്കുവേണ്ടി പഠിക്കുക എന്നതും പ്രധാനമാണ്. അങ്ങനെ പഠിക്കുമ്പോള്‍ മനുഷ്യനെപ്പോലെ തന്നെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഇടങ്ങളുണ്ടെന്നും അവകാശങ്ങളുണ്ടെന്നും നമുക്ക് ബോധ്യമാകും; നാം പരസ്പരം ചങ്ങലക്കണ്ണികള്‍ പോല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാനാവും. ആ ഒരു തിരിച്ചറിവാണ് നിര്‍മലമായ പ്രകൃതിക്കായുള്ള, മാലിന്യവിമുക്തമായ പരിസ്ഥിതിക്കായുള്ള പരിശ്രമങ്ങളുടെയെല്ലാം ജീവന്‍.

 

ലോകമെമ്പാടും 500 ബില്യണ്‍ പ്ലാസ്റ്റിക് സഞ്ചികളാണ് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് (ഒരു ബില്യണ്‍ എന്നാല്‍ നൂറുകോടി).  

ഓരോ മിനിറ്റിലും നാം വാങ്ങുന്നത് ഒരു ബില്യണ്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍!

 

ഓരോ വര്‍ഷവും എട്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്  കടലിലെത്തിച്ചേരുന്നത്(ഒരു മില്യണ്‍ എന്നാല്‍ പത്തുലക്ഷം).

 

 

Image 1
Image 2

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക