Monday, 28 October 2019 18:23

കാഴ്ചയുടെ ലോകങ്ങള്‍

എഴുത്ത്‌: ഭാഗ്യനാഥ് വര: വെങ്കി

തടിച്ച ചിത്രപ്പുസ്തകത്തിലെ മനോഹര ചിത്രങ്ങളെ കൊതിതീരാതെ നോക്കുകയായിരുന്നു വരമാമന്‍. വരമാമന്‍  എപ്പോഴും ചിത്രങ്ങളുടെ ലോകത്താണ്. മിക്കവാറും സമയങ്ങളില്‍ കാന്‍വാസിന്റെ മുന്നില്‍ ചായക്കൂട്ടുകളും ബ്രഷുമായി.. അല്ലെങ്കില്‍ പേരുകേട്ട ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ അച്ചടിച്ച വര്‍ണ പുസ്തകങ്ങളില്‍... അനുക്കുട്ടിക്ക് വരമാമന്റെ ചിത്രങ്ങള്‍ വലിയ ഇഷ്ടമാണ്. അവള്‍ വന്നതേ മാമനറിഞ്ഞിട്ടില്ല. കുറേ നേരം കാത്തുനിന്ന ശേഷം അവള്‍ മാമന്റെ തോളില്‍ തട്ടി.

“മാമാ മുന്നില്‍ കാണുന്നതല്ലേ ചിത്രം? അതങ്ങ് കണ്ടാല്‍ പോരേ? അല്ല, ഇങ്ങനെയൊക്കെ  ചാഞ്ഞും ചെരിഞ്ഞും അടുത്തും അകന്നുമൊക്കെ നോക്കുന്നതുകൊണ്ട് ചോദിച്ചതാണേ.. ”

പുസ്തകം നീക്കിവെച്ച് മാമന്‍ അവളുടെ തലയില്‍ തലോടി.

“കാഴ്ചയുടെ അനുഭവങ്ങള്‍ പലരീതിയില്‍ ഉണ്ട് അനുക്കുട്ടീ. അത് നേരിട്ട് കണ്ണു കൊണ്ട് കാണുന്നത് മാത്രമല്ല. സ്വപ്നത്തിലും ഭാവനയിലും നമ്മള്‍ ധാരാളം ‘കാഴ്ചകള്‍’ പലപ്പോഴും കാണാറുണ്ടല്ലോ. നേരിട്ട് കാണുന്നതുമായി അതിന് ബന്ധമുണ്ടാകാം. നമ്മുടെ മസ്തിഷ്കമാണ് കാഴ്ചയെ രൂപപ്പെടുത്തുന്നത് എന്നറിയാമോ? കാഴ്ചയെ സംബന്ധിച്ച് മുപ്പതോളം പ്രദേശങ്ങള്‍ (Visual area) നമ്മുടെ തലച്ചോറിലുണ്ട്. ഇത് ഓരോന്നിനും ഓരോ കടമകള്‍ ഉണ്ട്. നിറങ്ങള്‍, രൂപം, ആകൃതി, അകലം, ആഴം, ചലനം തുടങ്ങിയ വിവിധ കാര്യങ്ങള്‍ ഈ പ്രദേശങ്ങളിലൂടെ (Visual area) കടന്ന് പുരോഗമിച്ച് മസ്തിഷ്കത്തില്‍ ഒരു ശുദ്ധീകരണത്തിന് ശേഷം കാഴ്ചയുടെ വിവര്‍‍‍‍‍ത്തനം നടക്കുന്നുണ്ട്. അതുകൊണ്ടാണ് നമുക്ക് കലാസ്വാദനം സാധ്യമാവുന്നത്.”

“കലാസ്വാദനം പലപ്പോഴും, പ്രത്യേക രീതിയുള്ള വാതിലുകള്‍ തുറന്നുതരുന്നുണ്ട് എന്നു പറയുന്നത് അതുകൊണ്ടാണോ? ”

“അതെയതെ. കാണുക എന്നുള്ളത് തന്നെയാണ് പ്രധാനം. എത്രമാത്രം കാണുന്നുവോ അത്രമാത്രം ചിത്രത്തിനടുത്തെത്താന്‍ നമുക്ക് സാധിക്കും. ആസ്വാദനം വിവിധ കാലങ്ങളിലേക്കും ജീവിതാനുഭവങ്ങളിലേക്കും മറ്റും നമ്മളെ കൂട്ടിക്കൊണ്ടുപോകും.

ആസ്വാദനം എന്ന് പറയുന്നത് കണ്ണിന്റെ നേര്‍‍‍‍‍ക്കാഴ്ചയില്‍ കാണുന്ന കാര്യങ്ങള്‍ മാത്രമല്ല. വലിയ മഹത്തായ ചിത്രങ്ങള്‍ ആസ്വദിക്കുക എന്നാല്‍ വളരെ ലാഘവത്തോടെ ചെയ്യുന്ന പ്രവൃത്തി അല്ല. കാരണം നല്ല കലാസൃഷ്ടിയിലെ രഹസ്യങ്ങള്‍ ഉടനടി വെളിപ്പെടണമെന്നില്ല.”

“ഓ ചിത്രാസ്വാദനം ഇത്തിരി പണിപ്പെട്ട ഒരേര്‍പ്പാടാണല്ലേ?”

“അങ്ങനെയൊന്നുമില്ലെന്നേ. ഒന്നു ശ്രമിച്ചാല്‍ ആ കഴിവ് നമുക്ക് വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.”

“എന്നാല്‍ ഒരു ചിത്രം എങ്ങനെ ആസ്വദിക്കാം എന്നതിന് ഒരു ഉദാഹരണം പറഞ്ഞുതര്വോ? കഴിഞ്ഞ ദിവസം വാന്‍ഗോഗ് എന്ന ചിത്രകാരന്റെ ഗോതമ്പുപാടം  എന്ന ചിത്രം ടീച്ചര്‍ ക്ലാസില്‍ കാണിച്ചു തന്നിരുന്നു. ആ ചിത്രത്തെക്കുറിച്ച് ഒന്ന് പറഞ്ഞു തരൂ. ആസ്വാദനത്തിന്റെ കാര്യത്തില്‍ വര്‍‍‍‍‍ണ- രൂപ ബോധം ആവശ്യമുണ്ടോ? ചിത്രം ആസ്വദിക്കാന്‍ ചിത്രകാരനെക്കുറിച്ച് അറിയേണ്ടതുണ്ടോ?അതാക്കെ പറയണം.”

“ശരി ശരി പയാം.” വാന്‍ഗോഗിന്റെ 'കാക്കകളുള്ള ഗോതമ്പുപാടം' എന്ന ചിത്രം പുസ്തകത്തില്‍ തിരയുന്നതിനിടയില്‍ വരമാമന്‍ പറഞ്ഞു.

“പലപ്പോഴും ചിത്രകാരനെക്കുറിച്ചും ചിത്രകാരന്റെ വിവിധ കലാസൃഷ്ടികളെക്കുറിച്ചും അറിയാന്‍ ശ്രമിക്കുമ്പോള്‍ നാം കലാസൃഷ്ടികളുമായി കൂടുതല്‍ അടുപ്പത്തിലാവും. വിന്‍സന്റ് വാന്‍ഗോഗിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നായ കാക്കകളുള്ള ഗോതമ്പ് പാടം എന്ന ചിത്രം 1890 ലാണ് രചിക്കപ്പെടുന്നത്. ഈ ചിത്രം വരച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം 1890 ജൂലൈ 27ന് വാന്‍ഗോഗ് വെടിയുതിര്‍‍‍‍‍ത്ത്  ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവുമധികം ചര്‍‍‍‍‍ച്ചചെയ്യപ്പെട്ട സൃഷ്ടികളില്‍ ഒന്നായ ഈ ചിത്രം ക്യാന്‍വാസിലുള്ള ‘ആത്മഹത്യാ കുറിപ്പായി’ പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്. 

ഇനി ചിത്രാസ്വാദനത്തെപ്പറ്റി പറയാം. ശ്രദ്ധിച്ചു കേട്ടോണം.”

“ ഞാന്‍ ശ്രദ്ധിച്ചു തന്നെയാ കേള്‍ക്കുന്നത്. മാമന്‍ പറ.”

“പ്രകൃതിഭാവങ്ങളെ വളരെ സൂക്ഷ്മതയോടെയും ആവേശത്തോടെയും വൈകാരികമായും നോക്കിക്കാണാനുള്ള ഒരു കണ്ണ് 

വാന്‍ഗോഗിനുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍ ആസ്വദിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാനാവും.

തീവ്രമായി ബ്രഷ്സ്ട്രോക്ക് കൊണ്ട് 

വരച്ച നീല ഇരുണ്ട ആകാശത്തിന് 

താഴെ വിപരീതമായി മഞ്ഞ നിറമുള്ള കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഗോതമ്പുപാടം അനന്തതയിലേക്ക് നീളുന്നു. ക്യാന്‍വാസിന്റെ രണ്ട് ഭാഗത്തേക്ക് നീളുന്ന രണ്ട് വഴികള്‍ ഒരിടത്തും പോവുകയും എങ്ങും എത്തുകയും ചെയ്യുന്നില്ല. നടുവില്‍ ചക്രവാളത്തിന് നേരെ തിരിയുന്ന വഴി രക്ഷപ്പെടാനാവാത്ത ഒരു വഴിയാണോ? കാഴ്ചക്കാരന് നേരെയാണോ, കലാകാരന് നേരെയാണോ, അതോ അകന്നുപോവുകയാണോ എന്ന് പറയാനാകാത്തവിധം അസ്വസ്ഥതയോടെ പറക്കുന്ന കാക്കകള്‍ ചിത്രം മുഴുവന്‍ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്.

ഇതൊന്നും ഇല്ലെങ്കിലും വാന്‍ഗോഗിന്റെ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അദ്ദേഹം സഹോദരനായ തിയോയ്ക്ക് എഴുതിയ കത്തുകള്‍ സഹായിക്കും. ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം സഹോദരന് അയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

പ്രക്ഷുബ്ധമായ ആകാശത്തിന് താഴെ വിശാലമായി നീണ്ടുനിവര്‍‍‍‍‍ന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളാണവ. ദുഃഖവും അപാരമായ ഏകാന്തതയും വരയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. എനിക്ക് വാക്കുകളെ കൊണ്ട് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഈ ക്യാന്‍വാസിന് പറയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇത്രയും പോരേ അനുക്കുട്ടീ..”

“ മതി മതി. ഇനി അടുത്ത ചോദ്യത്തിലേയ്ക്ക് വരട്ടെ മാമാ.ൃ”

“ഉം ചോദിച്ചോളൂ.”

“ചരിത്രം, വിജ്ഞാനം, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ഏതളവിലാണ് ചിത്രകലാസ്വാദനത്തിന് സഹായകമാവുക? ”

“അതെന്താ അങ്ങനെ ചോദിക്കാന്‍ കാരണം?”

“ഇതെല്ലാം കൂടിച്ചേരുന്നതാണ് ഗ്വെര്‍നിക്ക എന്ന ചിത്രമെന്ന് ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.പാബ്ലോ പിക്കാസോയുടെ ഗ്വെര്‍‍‍‍നിക്കയെക്കുറിച്ച് മാമന് പറയാമോ?”

“പിന്നെന്താ.

കലയ്ക്ക് മാത്രമായി ഒരു ചരിത്രമില്ലല്ലോ. പുതിയകാലത്തായാലും പഴയ കാലത്തായാലും ചരിത്ര സന്ദര്‍‍‍‍ഭങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ഓരോ കാലത്തു നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും മാറ്റിനിര്‍‍‍‍ത്തിയുള്ള കലാസ്വാദനം ബുദ്ധിമുട്ടുള്ള കാര്യമാണ് അനൂ. സാഹിത്യത്തിലും സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന്:

ബ്രിട്ടീഷ് കൊളോണിയലിസത്തിന് എതിരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് വികസിച്ച ‘ഇന്ത്യന്‍ ദേശീയത’ എന്ന ആശയവുമായി അതേ കാലഘട്ടത്തില്‍ ബംഗാളില്‍ ജീവിച്ച വളരെ പ്രധാനപ്പെട്ട ഇന്ത്യന്‍ ചിത്രകാരന്മാരായ അബനീന്ദ്രനാഥടാഗൂര്‍‍‍‍ (1871-1951), നന്ദിലാല്‍ ബോസ് (1882-1966) തുടങ്ങിയവരുടെ  ആലോചനകളും ആശയങ്ങളും ബന്ധപ്പെട്ട് കിടക്കുന്നത് കാണാം. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സ്വദേശി പ്രസ്ഥാനകാലത്താണ് ‘ഭാരത്‌മാത’ (1905) എന്ന ചിത്രം അബനീന്ദ്രനാഥടാഗോര്‍‍‍‍ വരയ്ക്കുന്നത്. 

ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കള്‍ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ കൈകളില്‍ കാണാം.

നന്ദിലാല്‍ ബോസ് വിശ്വസിച്ചിരുന്നത് ആത്മാവിഷ്ക്കാരത്തിന് പ്രാദേശികമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്ന ഗാന്ധിയന്‍ തത്ത്വചിന്തയായിരുന്നു. വിഷയത്തിന്റെ കാര്യത്തിലായാലും മാധ്യമത്തിന്റെ കാര്യത്തിലായാലും വരയ്ക്കുന്ന രീതിയുടെ കാര്യത്തിലായാലും ഇത് വിദേശ ചിത്രകലാരീതിയില്‍ നിന്നും പലതുകൊണ്ടും വിഭിന്നമായിരുന്നു.

നന്ദിലാല്‍ ബോസിന്റെയും അബനീന്ദ്രനാഥ ടാഗോറിന്റെയും ചിത്രങ്ങള്‍ കാണാന്‍ മോള് ശ്രമിക്കണേ. ഇതാ ഈ പുസ്തകത്തിലുണ്ട് അവയെല്ലാം. സമയം പോലെ എടുത്ത് കണ്ടാല്‍ മതി.

ഇനി പിക്കാസോയുടെ ഗ്വെര്‍‍‍‍നിക്ക (Guernica) യിലേക്ക് നമുക്ക് വരാം. യുദ്ധത്തിനെതിരെയുള്ള ആധുനിക കലയിലെ ശക്തമായ പ്രസ്താവനയായി മാറുന്നു ഈ ചിത്രം.

1937 ഏപ്രില് 26ന് വടക്കന്‍ സ്പെയിനിലെ ഗ്വെര്‍‍‍‍നിക്ക എന്ന സ്ഥലത്ത് നടന്ന ഭീകരമായ ബോംബാക്രമണത്തില്‍ മൂന്ന് ദിവസത്തോളം ഈ സ്ഥലം കത്തിയെരിഞ്ഞു. പതിനാറായിരത്തോളം സാധാരണ പൗരന്മാര്‍‍‍‍ കൊല്ലപ്പെടുകയോ മാരകമായി മുറിവേല്ക്കു കയോ ചെയ്തു. ഈ കൂട്ടക്കൊലയുടെ ഭീകരാവസ്ഥയില്‍ നടുങ്ങി പത്രങ്ങളിലൂടെയും മറ്റും ലഭിച്ച കറുപ്പും വെളുപ്പുമുള്ള ഫോട്ടാഗ്രാഫുകള്‍ കണ്ട് രോഷാകുലനായി പിക്കാസോ ആള്‍ക്കൂട്ടത്തിനിടയിലൂടെ തന്റെ സ്റ്റുഡിയോയിലേക്ക് പാഞ്ഞുകയറി വേഗത്തില്‍ ധാരാളം സ്കെച്ചുകള്‍ ചെയ്യാനാരംഭിച്ചു. അനേകം സ്കെച്ചുകള്‍ തയ്യാറാക്കിയും പലതവണ മാറ്റിവരച്ചും മായ്ച്ചും വര തുടര്‍‍‍‍ന്നുകൊണ്ടിരുന്നു. അതാണൊടുവില്‍ ലോകപ്രശസ്തമായ ഗ്വെര്‍നിക്കയായി മാറിയത്.

സ്പാനിഷ് സംസ്കാരത്തിന്റെ പ്രതീകമായ കാളപ്പോരിലെ കാള (പിക്കാസോ പലതവണ കാളപ്പോരുകള്‍ കാണാന്‍ പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും കാളകളെ നമുക്ക് കാണാനാകും) യും കാളയ്ക്ക് താഴെ കൃസ്ത്യന്‍ കലയിലെ സാധാരണ വിഷയമായ മറിയത്തിന്റെ മരിച്ച മകനെ മടിയില്‍ക്കിടത്തിയുള്ള പിയാത്തെയെ ഓര്‍‍‍‍മിപ്പിക്കുന്ന അമ്മയും കുഞ്ഞും  സ്വാതന്ത്ര്യ പ്രതിമ(Statue of Liberty) യെ ഓര്‍‍‍‍മിപ്പിക്കുന്ന വിളക്കുപിടിച്ച കയ്യും മറ്റ് നിരവധി ഇമേജുകളും ചേര്‍‍‍‍ന്ന ഈ ചിത്രം ചരിത്രവും പഠനങ്ങളും വ്യാഖ്യാനങ്ങളുമടങ്ങിയ ഒരു കാലഘട്ടത്തിന്റെ പ്രതിബിംബമായും മാറുന്നു. യുദ്ധംചെയ്യുന്നത് വീരവൃത്തിയാണെന്നുള്ള വാദത്തെ ചിത്രം വെല്ലുവിളിക്കുന്നു. യുദ്ധങ്ങള്‍ സ്വയം നശിപ്പിക്കുന്ന ക്രൂരമായ പ്രവൃത്തിയാണെന്ന് അത് ഇന്നും ഓര്‍‍‍‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഗ്വെര്‍‍‍‍നിക്ക ചിത്രംനോക്കി  'ഇത് നിങ്ങളാണോ വരച്ചത്?' എന്നുള്ള ഒരു ജര്‍‍‍‍മന്‍ പട്ടാളക്കാരന്റെ ചോദ്യത്തിന് പിക്കാസോ പറഞ്ഞ ഉത്തരം ‘അല്ല നിങ്ങളാണ്’ എന്നായിരുന്നു.

“ഓ വരമാമാ. ചിത്രം വെറുതെ കണ്ടാല്‍ മാത്രം പോര. ല്ലേ. അതിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ല​ണം, ന്ന്?”

“അതെയതേ, അതിന് ഒരുപാട്  ചിത്രങ്ങള്‍ കണ്ട് തന്നെ ശീലിക്കണം. അപ്പോള്‍ ആസ്വാദനം ഒരു വലിയ കലയാണെന്ന് തിരിച്ചറിയാം.”

“ശരി മാമാ, ഞാന്‍ ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാന്‍ പഠിക്കാനും തീര്‍ച്ചപ്പെടുത്തി. ഈ ചിത്രപ്പുസ്തകം ഞാന്‍ കുറച്ചുദിവസം കഴിഞ്ഞേ തിരിച്ച് തരൂ ട്ടോ.”

“പുസ്തകം കേടുവരാതിരിക്കാന്‍ നോക്ക ണേ.”

 വരമാമന്‍ ബ്രഷുമെടുത്ത് പാതിയാക്കിയ ചിത്രത്തിനു നേരെ നീങ്ങി.

 

Image 1
Image 3
Image 5
Image 2
Image 4
Image 6

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: May 2nd
വാല്യം: 39, ലക്കം: 24

പങ്കിടുക