Monday, 28 October 2019 17:29

കാളക്കൂറ്റന്‍മാര്‍‍‍‍‍ തൊട്ട് ഗ്വെര്‍‍‍‍‍നിക്കാ വരെ

എഴുത്ത്‌: കെ.സതീഷ്

ഒരു കാളക്കൂറ്റന്റെ ശക്തിയും സൗന്ദര്യവും പ്രസരിക്കുന്ന ചിത്രം ചുവരില്‍ തൂക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു, അച്ഛന്‍.

“ഓ, എനിയ്ക്ക് മോഡേണ്‍ ആര്‍‍‍‍‍ട്ട് ഇഷ്ടമല്ല.”

അമ്മ വെറുപ്പോടെ തലവെട്ടിച്ചുകൊണ്ട് അകത്തേയ്ക്കു പോയി.

അച്ഛന്‍ ഒന്നും മിണ്ടിയില്ല.

ഒട്ടു മാറി നിന്നുകൊണ്ട് അദ്ദേഹം ചിത്രത്തിന് ചെരിവില്ലെന്ന് ഉറപ്പുവരുത്തി. എന്നിട്ട്  സീതമോളെ നോക്കി പുഞ്ചിരിച്ചു.

“നിന്റമ്മ എന്താ പറഞ്ഞത്?”

“അമ്മയ്ക്ക് മോഡേണ്‍ ആര്‍‍‍‍‍ട്ട് ഇഷ്ടല്ലാത്രേ.”

“അതിന് ഇത് ആധുനിക ചിത്രം അല്ലല്ലോ, വളരെ  വളരെ പഴയതാ. മുപ്പത്തി അയ്യായിരത്തിലധികം വര്‍‍‍‍‍ഷങ്ങള്‍ക്കു മുമ്പ് വരച്ച ഒരു ചിത്രത്തിന്റെ പകര്‍പ്പാണിത്. യഥാര്‍ത്ഥ ചിത്രം സ്പെയിനിലെ അല്‍ത്താമീറ ഗുഹയിലാണുള്ളത്. ആദിമ മനുഷ്യര്‍ അഥവാ അജ്ഞാതനായ ഏതോ ഒരു ആദിമ കലാകാരന്‍ വരച്ച ചിത്രമാണിത്. ആധുനികം, പുരാതനം എന്നതൊക്കെ ചരിത്രപരമായി സമീപിക്കുമ്പോള്‍ കണക്കിലെടുത്താല്‍ മതി. കലാസൃഷ്ടി എന്നും എപ്പോഴും കലാസൃഷ്ടി തന്നെ. ശിലായുഗകാലത്തെ 

ഗുഹാചിത്രങ്ങള്‍ ലോകത്തെമ്പാടും വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. രചനാചാതുര്യവും ഭാവപ്രകാശന സാമര്‍‍‍‍‍ത്ഥ്യവും ഒത്തിണങ്ങിയ, ഏറ്റവും പ്രസിദ്ധമായവയാണ് ഇപ്പറഞ്ഞ അല്‍ത്താമീറയും ഫ്രാന്‍സിലെ ലാസ്ക്കോ (Lascaux) ഗുഹാചിത്രങ്ങളും.”

“ഇവിടെയൊരു മ്യൂറല്‍ കൊണ്ടുവെക്കാന്‍ പറഞ്ഞിട്ട് കൊണ്ടുവെച്ചിരിക്കുന്നു ഒരു പ്രാകൃത ചിത്രം!” അമ്മ വീണ്ടും കെറുവുമായെത്തി.

“മ്യൂര്‍‍‍‍‍ എന്ന വാക്കില്‍ നിന്നാണ് മ്യൂറല്‍ എന്ന വാക്കുണ്ടായത്. മ്യൂര്‍ എന്നാല്‍ ചുമര്‍‍‍‍‍ എന്നാണര്‍ത്ഥം. ഗുഹയിലേതാണെങ്കിലോ അതും ചുമര്‍‍‍‍‍ച്ചിത്രം തന്നെ.” അച്ഛന്‍ ശാന്തനായി പറഞ്ഞു.

അച്ഛന്‍ വീണ്ടും സീതമോളുടെ നേരെ തിരിഞ്ഞു.

“ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഗ്രീസ്, സിന്ധുനദീതടം, ഇന്‍കാ, മായാ, ഓല്‍മെക് എന്നിങ്ങനെ പുരാതന കാലത്ത് നിരവധി സംസ്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യധാരാ സംസ്കാരങ്ങളിലൂടെ കാലാകാലങ്ങളില്‍ ചിത്രകലയും വികാസം കൊണ്ടു. ഓരോ കാലഘട്ടത്തിലും ജീവിതരീതികളില്‍ വന്ന മാറ്റങ്ങള്‍ ചിത്രകലയിലും പ്രതിഫലിച്ചു. മുന്‍കാലങ്ങളില്‍ മതവും മതാനുഷ്ഠാനങ്ങളും ആണ് ചിത്രകലയെ ഏറെ സ്വാധീനിച്ചിരുന്നത്. പില്‍ക്കാലത്ത് ആ സ്വാധീനം ക്രമേണ ഇല്ലാതായിത്തീര്‍‍‍‍‍ന്നു.

അച്ഛന്‍ ചിത്രകലയുടെ ചരിത്രത്തിലേക്കാണ് കടക്കുന്നത്. ഓരോ രാജ്യത്തും അവരുടെ പാരമ്പര്യവും സംസ്കാരവും അനുസരിച്ചാണ് കലകള്‍ ഉണ്ടാവുന്നത് എന്ന് സീതയ്ക്കറിയാം. 

“പാശ്ചാത്യ കലകള്‍ പുരാതന ഗ്രീക്കോ - റോമന്‍ സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നാണ് ഉരുത്തിരിയുന്നത് എന്ന് സാമാന്യമായി പറയാം.”

“എന്താ അച്ഛാ ഈ നവോത്ഥാനകല?” സീതമോള്‍ പെട്ടെന്ന് ചോദിച്ചു.

“15-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉദയംകൊണ്ട വൈജ്ഞാനിക വിപ്ലവമാണ് നവോത്ഥാനം അഥവാ റിനൈസന്‍സ്. ഇറ്റലിയായിരുന്നു അതിന്റെ കേന്ദ്രം.  മനുഷ്യശരീരത്തെ യഥാര്‍‍‍‍‍ത്ഥമായും ആദര്‍‍‍‍‍ശാത്മക സൗന്ദര്യത്തിന്റെ പ്രതിരൂപമായും ആവിഷ്ക്കരിച്ച ഗ്രീക്ക് കലയാണ് നവോത്ഥാനകലയുടെ പെറ്റമ്മ. മൈക്കല്‍ ആഞ്ജലോ, ദാവിഞ്ചി, റാഫേല്‍ എന്നീ പ്രമുഖ കലാകാരന്മാരെക്കുറിച്ച് നീ ധാരാളം കേട്ടിട്ടുണ്ടല്ലോ. അവരെല്ലാം നവോത്ഥാന കാലത്തെ ചിത്രകാരന്മാരാണ്.”

“മൈക്കലാഞ്ജലോയുടെ ‘അന്ത്യവിധി’യും ദാവിഞ്ചിയുടെ ‘മൊണാലിസ’യും റാഫേലിന്റെ ‘സ്കൂള്‍ ഓഫ് ആതന്‍സും’ ഞാന്‍ മറക്കില്ല.” സീതമോള്‍ പറഞ്ഞു.

“എണ്ണമറ്റ കലാസൃഷ്ടികള്‍ അവര്‍‍‍‍‍ രചിച്ചിട്ടുണ്ട്. പക്ഷേ, അവര്‍‍‍‍‍ മാത്രമല്ല നവോത്ഥാന ചിത്രകാരന്മാര്‍‍‍‍‍, വേറെയുമുണ്ട് കുറേപ്പേര്‍‍‍‍‍. അതു പിന്നെ നോക്കാം. നവോത്ഥാന ഘട്ടത്തിനുശേഷം പലപല മാറ്റങ്ങളിലൂടെ യൂറോപ്യന്‍ ചിത്രകല കടന്നുപോകുന്നുണ്ട്. ബാറോക്ക് ആര്‍‍‍‍‍ട്ട്, ക്ലാസ്സിസിസം, റൊമാന്റിസിസം, റിയലിസം എന്നിങ്ങനെ. റിയലിസം എന്ന പ്രസ്ഥാനമാണ് ആധുനിക ചിത്രകലയ്ക്കു നാന്ദി കുറിച്ചതെന്നു പറയാം. മതേതരമായ വിഷയങ്ങള്‍ അന്നുവരെ അപൂര്‍‍‍‍‍വമായി മാത്രമേ ചിത്രകാരന്മാര്‍‍‍‍‍ കൈകാര്യം ചെയ്തിരുന്നുള്ളൂ.”

മൈക്കലാഞ്ജലോയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ സീതമോള്‍ ഓര്‍ത്തു. ശരിയാണ്. മനോഹരമായവയാണ് ഏറെയും.

“മിലേ (Millet), കൂര്‍‍‍‍‍ബേ (Courbet) എന്നീ ചിത്രകാരന്മാര്‍‍‍‍‍ മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ള, മണ്ണിന്റെ മണമുള്ള പച്ച മനുഷ്യരെക്കുറിച്ചുള്ള ചിത്രങ്ങള്‍ രചിച്ചു. അത് വലിയ മാറ്റമായിരുന്നു. അപ്പോഴേയ്ക്കും ഫോട്ടോഗ്രഫിയുടെ വരവായി. ചിത്രകലയുടെ അന്ത്യമായി എന്ന് പലരും കരുതി. പക്ഷേ, ക്യാമറ എന്ന യന്ത്രത്തിനെ മറികടക്കുന്ന യാഥാര്‍‍‍‍‍ത്ഥ്യങ്ങള്‍ ആവിഷ്ക്കരിക്കാന്‍ പുതിയ  പരീക്ഷണങ്ങളുമായി ചില പ്രതിഭാശാലികള്‍ മുന്നോട്ടുവന്നു.”

“അതെങ്ങനെയാ ഫോട്ടോഗ്രഫിയെ മറികടക്കുക?” സീതമോള്‍ പുരികം ചുളിച്ചു.

‘മോനേ’ എന്നുച്ചരിച്ചുകൊണ്ട് അച്ഛന്‍ തന്റെ പ്രിയ പുസ്തകം തുറന്നു.

“ഏതു മോന്‍?”

“ഹ ഹ! ‘മോനേ’ എന്നു ഞാനുച്ചരിച്ചത് ഇതാ ഈ ചിത്രകാരന്റെ പേരാ. Monet - ഫ്രഞ്ച് ഉച്ചാരണ പ്രകാരം ‘t’ ഉച്ചരിക്കില്ല. ഇതാ,  മോനെ വരച്ച ഈ ചിത്രം നോക്ക്.”

“നിറങ്ങളാകെ വാരിക്കോരി തേച്ചതുപോലെ...”

“ഇത്തിരി വിട്ടുനിന്ന് വീണ്ടും നോക്കൂ.”

“ഹായ്! പ്രഭാതസൂര്യന്‍ ഉദിച്ചുയരുന്നു. ഓളപ്പരപ്പില്‍ പ്രകാശം നൃത്തം ചെയ്യുന്നതുപോലെ വെളിച്ചം!”

“മോളേ, ഇതാണ് ആദ്യത്തെ ഇംപ്രഷനിസ്റ്റ് ചിത്രം.”

“അതെ മോളേ, വെളിച്ചത്തെ ലാളിച്ചവരാണ് ഇംപ്രഷനിസ്റ്റുകള്‍. ക്ലോദ് മോനെയെക്കൂടാതെ എദ്വാര്‍‍‍‍‍ മാനേ (Edvard Manet) പിയേര്‍‍‍‍‍ ഓഗ്യൂസ്ത് റെന്വാര്‍‍‍‍‍ (Pierre Auguste Renoir), കമീല്‍ പിസ്സാറോ (Camille Pissaro) എന്നിവരൊക്കെയായിരുന്നു ഇംപ്രഷനിസ്റ്റ് ആചാര്യന്മാര്‍‍‍‍‍.”

“ഫോട്ടോഗ്രഫി തോറ്റു. അല്ലേ, അച്ഛാ?”

“അങ്ങനെയതൊരു മത്സരമായി കണക്കാക്കണ്ട. യഥാര്‍‍‍‍‍ത്ഥ ആവിഷ്ക്കാരം എന്ന ദൗത്യത്തെ ചിത്രകല മറ്റെന്നത്തേക്കാളും മറികടന്നുവെന്നു പറയാം. 

ഇംപ്രഷനിസ്റ്റുകളുടെ സങ്കേതം അതേപടി അനുകരിച്ചുകൊണ്ട്, പ്രകൃതി സൗന്ദര്യത്തില്‍ മാത്രം അഭിരമിച്ചുകൊണ്ടങ്ങനെ തുടരുന്നതില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ചില പ്രതിഭാശാലികള്‍ ഒട്ടു വഴിമാറി നടന്നുതുടങ്ങി. അവര്‍‍‍‍‍ നടന്ന ആ വഴിയാണ് പോസ്റ്റ് ഇംപ്രഷനിസം. ഓളവും വെളിച്ചവും നിഴലുകളും മാത്രമല്ല, വികാരങ്ങളുടെ ആന്തരിക ലോകവും ആവിഷ്ക്കരിക്കപ്പെടേണ്ടതാണെന്ന് അവര്‍‍‍‍‍ കരുതി. ഇംപ്രഷനിസ്റ്റ് സങ്കേതങ്ങള്‍ പൂര്‍‍‍‍‍ണമായി ഉപേക്ഷിക്കാതെ തന്നെ തങ്ങളുടെ വികാരവിചാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അവര്‍‍‍‍‍ ചിത്രങ്ങള്‍ രചിച്ചുതുടങ്ങി. ആരും അവരെ വേണ്ടത്ര ഗൗനിച്ചില്ല. സ്വന്തം സര്‍‍‍‍‍ഗ്ഗശേഷിയുടെ പ്രേരണയാല്‍ മാത്രം അവര്‍‍‍‍‍  നയിക്കപ്പെട്ടു. നരകയാതനകള്‍ അനുഭവിച്ചു ചാവേറുകളായി അവരില്‍ പലരും.”

“വാന്‍ഗോഗ്?” സീതമോള്‍ പെട്ടെന്ന് ചോദിച്ചു.

“യേസ്, ഡിയര്‍‍‍‍‍… വാന്‍ഗോഗ്. പോള്‍ ഗൊഗാന്‍ (Paul Gauguin), തുളൂസ് ലോത്രേക്ക് (Tolouse Lautrec) എദ്ഗാര്‍‍‍‍‍ ദേഗാ (Edgar Degas), പോള്‍ സെസാന്‍ (Paul Cezanne) ഇവരൊക്കെയാണ് പോസ്റ്റ് ഇംപ്രഷനിസ്റ്റുകള്‍. അതിനിടെ നോര്‍‍‍‍‍വേക്കാരനായ എഡ്വേര്‍‍‍‍‍ഡ് മുങ്ക് (Edvard Munch) എന്ന ചിത്രകാരന്‍ പോസ്റ്റ് ഇംപ്രഷനിസ്റ്റുകളുടെ ആശയത്തെ ഒട്ടേറെ മുന്നോട്ടു കൊണ്ടുപോയി?”

ദേഗായുടെ ‘ബാലേ നര്‍‍‍‍‍ത്തകികള്‍’ എന്ന ചിത്രത്തില്‍ മുഴുകിപ്പോയ സീതമോളെ അച്ഛനൊന്നു തട്ടി. എന്നിട്ടു ചോദിച്ചു.

“ഏതാശയം?”

“എനിക്കു മനസ്സിലായി. മനസ്സിന്റെ ഭാവങ്ങള്‍, സങ്കടങ്ങള്‍, ഭയങ്ങള്‍ ഒക്കെ ചിത്രത്തിലാക്കുക എന്ന ആശയം. ആ ആശയത്തെ അച്ഛന്‍ പറഞ്ഞ ചിത്രകാരന്‍ എങ്ങനെയാ മുന്നോട്ടുകൊണ്ടുപോയത്?”

“അദ്ദേഹത്തിന്റെ ‘നിലവിളി’ (The Scream) എന്ന ഈ ചിത്രം നോക്ക്. സ്വന്തം ആത്മാവിന്റെ വിലാപത്തെ അദ്ദേഹം ചിത്രത്തിലേക്ക് ആവാഹിച്ചതാണ് അഥവാ ആവിഷ്ക്കരിച്ചതാണിത്. വേദനയും ഏകാന്തതയും ഇത്രയേറെ ശക്തമായി അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം അന്നുവരെയുണ്ടായിട്ടില്ല.”

“പക്ഷേ, ഭംഗീല്ല! ''

''ഭംഗി എന്ന കാര്യത്തെ സമീപിക്കുന്നതില്‍ നമ്മള്‍ ഒരു വ്യത്യാസം വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ഒട്ടും ഭംഗീല്ലാത്ത എന്നെ നീ എന്റെ ഭാവവും സാദൃശ്യവും ചോരാതെ കൃത്യമായി പകര്‍‍‍‍‍ത്തിയാല്‍ അത് നല്ല ചിത്രമായി. എന്റെ  ഭംഗിക്കുറവ് ചിത്രത്തിന്റെ ഭംഗിക്കുറവാകുന്നില്ല.”

“മനസ്സിലായി. വാന്‍ഗോഗിന്റെ ഒരു ജോഡി പാദരക്ഷകള്‍, സൂര്യകാന്തിപ്പൂക്കള്‍ എന്നീ  ചിത്രങ്ങളിലൊന്നും നാം സാധാരണ പറയാറുള്ള ഭംഗിയല്ല.”

“കറക്റ്റ്.”

“പിന്നെ അച്ഛാ, മറ്റൊരു കാര്യം അച്ഛന് ഭംഗീല്ലാന്നാരു പറഞ്ഞു? അച്ഛന്‍ സുന്ദരനാണ്.” ‘നിലവിളി’ എന്ന ചിത്രം ചൂണ്ടിക്കൊ ണ്ടവള്‍ തുടര്‍‍‍‍‍ന്നു.

“ദാ, ഇദ്ദേഹത്തെപ്പോലെ.”

“തമാശ വിട്… കാര്യത്തിലേക്കു വരാം. ‘നിലവിളി’യോടെ പിറന്നുവീണത് ഒരു പ്രസ്ഥാന ശിശുവാണ്. അതാണ് എക്സ്പ്രഷനിസം. തുടര്‍‍‍‍‍ന്ന് യൂറോപ്യന്‍ ചിത്രകലയിലും അമേരിക്കന്‍ ചിത്രകലയിലും പ്രസ്ഥാനങ്ങളനേകം ഉദയം ചെയ്തു. ഒന്‍ റീ മത്തീസിന്റെ (Henri Matisse)  ഫോവിസം, പാബ്ലോ പിക്കാസോയുടെ ക്യാബി സം, സാല്‍വദോര്‍‍‍‍‍ ദാലിയുടെ (Salvador Dali) യുടെ സര്‍‍‍‍‍ റിയലിസം.. പിന്നെ ദിശ തെറ്റി അടിഞ്ഞുപോയ വേറെയും കുറേയേറെ പ്രസ്ഥാനങ്ങള്‍. പരീക്ഷിക്കപ്പെടാനായി ചിത്രകലയില്‍ ഇനിയേറെയൊന്നുമില്ല എന്നതാണ് വാസ്തവം. ഡിജിറ്റല്‍ യുഗം വരെയെത്തിയ ആധുനിക ചിത്രകല പുതിയ തളിരുകളിട്ട് ഇനിയേതു ദിശകളിലേക്ക് ശിഖകള്‍ നീട്ടുമെന്നറിയില്ല.''

“അപ്പോ, ഇനി ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കണ്ടാല്ലേ?” സീതമോള്‍ നിഷ്ക്കളങ്കമായി ചോദിച്ചു.

“എല്ലാ തരത്തിലും ഇക്കണ്ട കാലം വരെ ആളുകള്‍ ചിരിക്കുകയും കരയുകയും ചെയ്തു എന്നതുകൊണ്ട്, ഇനി നീ ചിരിക്കാതിരിക്കുകയോ കരയാതിരിക്കുകയോ ചെയ്യുമോ? പിന്നെയൊരു കാര്യം, വരയ്ക്കണമെന്നു നിനക്കു തോന്നുമ്പോള്‍ മാത്രം നീ വരച്ചാല്‍ മതി. ചിരിക്കണമെന്നും കരയണമെന്നുമൊക്കെ നമുക്ക് യഥാര്‍‍‍‍‍ത്ഥ ഉള്‍വിളിയോടെ തോന്നുമ്പോഴേ അവ സ്വാഭാവികമാവുകയുള്ളൂ.”

സീതമോള്‍ പുസ്തകത്തിലെ ഒരു ചിത്രം അച്ഛനെ കാണിച്ചു.

“ഇതെന്താണീ ചിത്രം? എനിക്കൊട്ടും മനസ്സിലാവുന്നില്ല. ആളുമില്ല ആനയുമില്ല, ഈച്ചയും പൂച്ചയുമൊന്നൂല്ല.”

“മോളേ, അതൊന്നുമില്ലാതെയും ചിത്രമാകാം എന്നു തെളിയിച്ച മഹാനായ ചിത്രകാരനായിരുന്നു വാസിലി കാന്‍ഡിന്‍സ്ക്കി (Wassily Kandisnsky). അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസത്തിന്റെ ഉപജ്ഞാതാവ്. യഥാര്‍‍‍‍‍ത്ഥ രൂപങ്ങളെയല്ല, മറിച്ച് അമൂര്‍‍‍‍‍ത്തരൂപങ്ങളെയായിരുന്നു അദ്ദേഹം ചിത്രങ്ങളാക്കിയത്.”

“മനസ്സിലായില്ല.”

അച്ഛന്‍ വയലിന്‍ കയ്യിലെടുത്ത് കുറച്ചുനേരം വായിച്ചു. അതില്‍ മുഴുകിനിന്ന അവളോട് ഒടുവില്‍ അച്ഛന്‍ ചോദിച്ചു.

“രാഗം മനസ്സിലായോ?”

“ബാഗേശ്രീ?.”

“മിടുക്കി. എങ്ങനെ മനസ്സിലായി?”

“അതിന്റെ സഞ്ചാരം കേട്ടപ്പം മനസ്സിലായി.”

“ഏതെങ്കിലും വാക്കുകളിലൂടെയാണോ അതു സഞ്ചരിച്ചത്? ആ രാഗസഞ്ചാരത്തിന്റെ രൂപം അല്ലെങ്കില്‍ ആകൃതി എന്താണ്?”

“അയ്യോ, അങ്ങനെ പറയാന്‍ പറ്റില്ല. സംഗീതത്തിന്റെ രൂപമെന്തെന്നും ആകൃതിയെന്തെന്നുമൊക്കെ എങ്ങനെയാ പറയാന്‍ പറ്റുക.”

“അവിടെയാണ് കാര്യം; രൂപങ്ങളുടെയും ആകൃതികളുടെയും അമൂര്‍‍‍‍‍ത്തത.”

“അപ്പോ, ഈ ചിത്രത്തിലൂടെ നാം സംഗീതം കാണുകയാണെന്നു പറയാം. അല്ലേ?”

“എക്സാറ്റ്ലി!”

“ഞാന്‍ നേരത്തെ ചോദിക്കാന്‍ വിട്ടുപോയി. സര്‍‍‍‍‍റിയലിസം, ക്യൂബിസം എന്നൊക്കെപ്പറഞ്ഞാല്‍ എന്താണ്?”

“സ്വപ്നംപോലെ ഭ്രമാത്മകമായ ചിത്രങ്ങള്‍, അതാണ് സര്‍‍‍‍‍റിയലിസം. വിചിത്ര സ്വപ്നത്തെയോ, കയറൂരിവിട്ട ഭാവനയേയോ ഫോട്ടോ എടുത്താല്‍ എങ്ങനെയിരിക്കും? അതു തന്നെ. ഇനി ക്യൂബിസം.”

അച്ഛന്‍ ഡൈനിംഗ് ടേബിളിലേക്ക് ചൂണ്ടിക്കൊണ്ടു പറഞ്ഞു.

“ആ മേശ, അതിനപ്പുറത്തെ കസേരകള്‍ എല്ലാം ഒരൊറ്റ പ്രതലത്തില്‍ ചിത്രത്തിലാക്കുമ്പോള്‍ കാണാത്ത ഭാഗങ്ങളൊക്കെ നാം ഒഴിവാക്കും. ചുരുക്കിപ്പറഞ്ഞാല്‍ മേശ എന്ന യാഥാര്‍‍‍‍‍ത്ഥ്യം സമഗ്രമായി ആവിഷ്ക്കരിക്കണമെങ്കില്‍ കാണാപ്പുറങ്ങളും ചിത്രീകരിക്കണം. ജ്യാമിതീയ രൂപങ്ങള്‍ വഴി ഒറ്റ പ്രതലത്തില്‍ പരമാവധി യാഥാര്‍‍‍‍‍ത്ഥ്യത്തെയും ആശയത്തെ ഉള്‍ക്കൊള്ളുന്ന രൂപങ്ങളെയും പൊരുത്തത്തോടെ ചേര്‍‍‍‍‍ത്തു വെയ്ക്കുകയാണ് ക്യൂബിസ്റ്റുകള്‍ ചെയ്തത്. പിക്കാസോയുടെ ഗ്വെര്‍‍‍‍‍നിക്ക നിന്റെ ഇഷ്ടചിത്രമാണല്ലോ. ക്യൂബിസത്തെ അത് സ്വയം വിശദീകരിക്കുന്നുണ്ട്.”

“യൂറോപ്പിലും അമേരിക്കയിലും മാത്രമേ ഇങ്ങനെ ചിത്രകലാ പ്രസ്ഥാനങ്ങളൊക്കെ ഉണ്ടായുള്ളൂ?”

“ചൈനയും ജപ്പാനുമൊക്കെ നൂറ്റാണ്ടു കളോളം തനതായ ചിത്രകലാ പാരമ്പര്യത്തെ നിലനിര്‍‍‍‍‍ത്തി.”

“ഒരു ജാപ്പനീസ് ചിത്രകാരനെ എനിക്കറിയാം- ഹോക്കുസായ്...”

“എങ്ങനെ അറിയാം?” അച്ഛന്‍ അത്ഭുതപ്പെട്ടു.

“പണ്ട് സുനാമി വന്നില്ലേ? അതേ പേരില്‍ ഒരു ഗംഭീര ചിത്രം ഞാന്‍ ഒരു മാസികയില്‍ കണ്ടു. അതു വരച്ച ചിത്രകാരന്റെ പേര്‍‍‍‍ ഞാന്‍  ഓര്‍‍‍‍‍ത്തുവെക്കുകയും ചെയ്തു.”

“കൊള്ളാം. ഹോക്കുസായി പോലുള്ള ഉജ്വല പ്രതിഭാശാലികള്‍ പൗരസ്ത്യകലയെ സമ്പന്നമാക്കിയെങ്കിലും ആധുനികത മടിച്ചുമടിച്ചാണവിടെ തിരനോട്ടം നടത്തിയത്.”

“ഇന്ത്യയോ?”

“ഇന്ത്യയും അങ്ങനെ തന്നെ. വിക്ടോറിയന്‍ എണ്ണച്ചായചിത്ര സങ്കേതത്തെ ആദ്യമായി ഇവിടെ പരിചയപ്പെടുത്തിയത് രാജാ രവിവര്‍‍‍‍‍മയാണ്. പക്ഷേ, അദ്ദേഹം ‘ജടായുവധം’ ‘ഹംസദമയന്തി’ എന്നീ ചിത്രങ്ങള്‍ രചിക്കുന്നതിന് പത്തു വര്‍‍‍‍‍ഷം  മുമ്പ് വാന്‍ഗോഗ്  ‘ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നവര്‍‍‍‍‍’ എന്ന ചിത്രം രചിച്ചിരുന്നു. രവിവര്‍‍‍‍‍മയുടെ കാലത്ത് യൂറോപ്യന്‍ ചിത്രകല ഇംപ്രഷനിസവും പോസ്റ്റ് ഇംപ്രഷനിസവും കടന്ന് എക്സ്പ്രഷനിസത്തിലേക്കു പ്രവേശിച്ചു തുടങ്ങിയിരുന്നു! മുഗള്‍ - രജപുത്ര ചിത്രകലാ പാരമ്പര്യവും മറ്റനേകം പ്രാദേശിക പാരമ്പര്യങ്ങളും കൊ ണ്ട് പുകള്‍പെറ്റ ഇന്ത്യന്‍ ചിത്രകല പല കാരണങ്ങളാലും ആധുനികതയോട് പുറംതിരിഞ്ഞുനിന്നു. ബോംബെ, മദ്രാസ് (ചോളമണ്ഡലം), കല്‍ക്കട്ട മുതലായ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഇവിടെ ആധുനികത പച്ചപിടിച്ചു തുടങ്ങിയത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ഇന്ത്യന്‍ ചിത്രകല കൈകോര്‍‍‍‍‍ത്തതോടെയാണതു സംഭവിച്ചത്. അബനീന്ദ്രനാഥടാഗോറിന്റെ ബംഗാള്‍ സ്കൂളിന്റെ നേതൃത്വത്തില്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചില പ്രമുഖ ചിത്രകാരന്‍മാരാണ് അമൃത ഷെര്‍‍‍‍‍ഗല്‍, ബിനോദ് ബിഹാരി മുഖര്‍‍‍‍‍ജി, കെ.സി.എസ് പണിക്കര്‍‍‍‍‍, കെ.ജി.സുബ്രഹ്മണ്യന്‍, എം.എഫ്.ഹുസൈന്‍ എന്നിവര്‍‍‍‍‍.”

“അച്ഛന്‍ ചിത്രകലാചരിത്രം ഇത്രയും ചുരുക്കിപ്പറഞ്ഞപ്പോള്‍ കുറേ വിശ്വചിത്രകാരന്മാരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ട്. അച്ഛന്‍ എപ്പോഴും അത്ഭുതാദരങ്ങളോടെ പറയാറുള്ള റംബ്രാന്‍ഡ്, റൂബന്‍സ്, വെര്‍‍‍‍‍മീര്‍‍‍‍‍ എന്നിവര്‍‍‍‍‍...”

“പറഞ്ഞുതുടങ്ങിയാല്‍ തീരില്ല. എല്‍ഗ്രെക്കോ., സാന്‍ദ്രോ ബോത്തിച്ചെല്ലി, പീറ്റര്‍‍‍‍‍ ബ്രൂഗല്‍ ഫ്രാന്‍സെസ്ക്കോ ഗോയാ, ടേണര്‍‍‍‍‍ അങ്ങനെ വിശ്വചിത്രകാരന്മാര്‍‍‍‍‍ ഇനിയുമുണ്ട് കുറേപ്പേര്‍‍‍‍‍.”

“ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങാന്‍, കലാചരിത്രം അറിയണം. കാലാകാലങ്ങളില്‍ വന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളുടെ സ്വഭാവവും രീതികളുമറിയണം. ചിത്രങ്ങള്‍ കണ്ണുകളാണ്. നമ്മള്‍ അവ നഷ്ടപ്പെടുത്തരുത്.”

കളിക്കാന്‍ പോയ കുഞ്ഞനിയന്‍ അപ്പുഡു ശബ്ദകോലാഹലങ്ങളോടെ തിരിച്ചെത്തി. ചേച്ചി അവനെ ഫ്രഞ്ചുമട്ടില്‍ സ്വാഗതം ചെയ്തു.

“ബോഷൂ, മുസ്യേമോനേ!”

 

Image 1
Image 3
Image 5
Image 7
Image 2
Image 4
Image 6
Image 8

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: May 2nd
വാല്യം: 39, ലക്കം: 24

പങ്കിടുക