Tuesday, 08 October 2019 14:38

കത്തുകള്‍

പാടില്ല.. പാടില്ല

മാമന്‍ ചോദിച്ചിരുന്നില്ലേ ഭക്ഷണം പാഴാക്കാനുള്ളതാണോ, അതോ കഴിക്കാനുള്ളതാണോ എന്ന്. എനിക്കുറപ്പുണ്ട് ആഹാരം കഴിക്കാന്‍ മാത്രമുള്ളതാണ്. 

ചില സദ്യക്കെല്ലാം കണ്ടിട്ടുണ്ട് ആളുകള്‍ വരുന്നതിനു മുമ്പേ കറികളെല്ലാം വിളമ്പി വയ്ക്കും. ആളുകള്‍ വന്ന് അല്‍പ്പം കഴിച്ച് ബാക്കി പാഴാക്കുന്നു. ഇത് എന്തൊരു അനീതിയാണ്. നമുക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുകയും കഴിക്കുകയും ചെയ്യണം. അതിഥികള്‍ വരുന്നു എന്നറിഞ്ഞാല്‍ ചിക്കനും മട്ടനും മീന്‍കറിയുമെല്ലാം ഉണ്ടാക്കി വയ്ക്കും. അതിഥികള്‍ അതു മുഴുവന്‍ കഴിക്കുകയും ഇല്ല. എന്നിട്ട് നാം അത് അടുത്ത ദിവസം വലിച്ചെറിയുന്നു. ഭക്ഷണം ധൂര്‍ത്തടിച്ചു കളയുന്നവരോട് എനിക്കൊരു കാര്യം പറയാനുണ്ട്. നാം ഭക്ഷണം പാഴാക്കുമ്പോള്‍ അതിലെ ഒരു വറ്റിനു വേണ്ടി എവിടെയോ ആരോ കരയുന്നുണ്ട്.

അര്‍പ്പിത ജെ, 7 എ, ജി.യു.പി.എസ്.തത്തമംഗലം, 

പാലക്കാട് -678102.

 

ബലൂണ്‍ സവാരി

ബലൂണ്‍ സവാരി എന്ന കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ കഥയിലെ ചിത്രങ്ങളും. ഡോനുവും പോപ്പിയും മുത്തശ്ശിപ്രാവുമായി നടത്തിയ സംഭാഷണങ്ങളാണ് എന്നെ കഥയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. ഓരോ ഭാഗത്തിനും യോജിച്ച ചിത്രങ്ങള്‍ നല്‍കിയതുകൊണ്ട് കഥ വായിച്ച് രസിക്കല്‍ കൂടുതല്‍ ലളിതമായി എനിക്ക് തോന്നി. മൂന്നാം ക്ലാസ്സിലെ കുട്ടിയായ എന്റെ സന്തോഷം ഞാന്‍ പങ്കിടുന്നു.

ധ്രുവിക പി, 3 എ, ജി.എച്ച്.എസ്.എസ്, നടുവണ്ണൂര്‍.

 

 

വിജ്ഞാനോത്സവ ഓര്‍മകള്‍

യുറീക്ക കിട്ടിയാല്‍ ഞാനാദ്യം വായിക്കുന്നത് കത്തുകളാണ്. ഞാനിപ്പോള്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. അതിനാല്‍ ലൈബ്രറിയില്‍ നിന്നാണ് യുറീക്ക വായിക്കാറുള്ളത്. ഞങ്ങളുടെ വിദ്യാലയത്തില്‍ പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി റീസൈക്ലിങ്ങിനുള്ള ഏര്‍പ്പാട് പുതുതായി ചെയ്തിട്ടുണ്ട്. വൈകാതെ നിരോധിക്കും. യുറീക്കയ്‌ക്ക് ഒരുപാട് നന്ദി. ഞങ്ങളുടേത് ബോര്‍ഡിങ്ങ് സ്കൂളാണ്. പണ്ട് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇവിടെ ക്വിസ്സൊന്നുമില്ല. വിജ്ഞാനോത്സവവും ഇല്ല. എന്റെ കൂട്ടുകാര്‍ക്ക് യുറീക്കയെ വളരെ ഇഷ്ടമാണ്. കൃഷ്ണപ്രിയ പ്രത്യേകം ഇഷ്ടം പറഞ്ഞു. 

ജിയ കെ.വി, 7 എ, ജവഹര്‍ നവോദയ  വിദ്യാലയം, ചെണ്ടയാട്, കണ്ണൂര്‍-670692.

 

കുട്ടീടെ പേരെന്താ പറയാത്തേ

നവംബര്‍ 16-ാം തീയതിയിലെ യുറീക്കയില്‍ വന്ന മീനുകളുടെ കാര്യങ്ങള്‍ അതിഗംഭീരം ആയിരുന്നു. അത് ഞങ്ങളെ ഏറെ പഠിക്കാന്‍ സഹായിക്കുന്നുണ്ട്. അതിലുണ്ടായിരുന്ന വാളയുടെ ചിത്രം കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. 

ആ കിച്ചിപ്പുഴുവിന്റെ കഥയും ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ‘ഒന്നിനും കൊള്ളാത്തവള്‍’ എന്ന കഥയിലെ ആ കുട്ടിയുടെ പേര് എന്താ എഴുതാത്തേ?

അടുത്തലക്കം പൂമ്പാറ്റയെക്കുറിച്ചും പൂക്കളെക്കുറിച്ചും പ്രസിദ്ധീകരിക്കാമോ?

മറുപടി കത്ത് എഴുതണേ മാമ… അല്ലെങ്കില്‍ ഞങ്ങള്‍ മിണ്ടൂല….

അലീഷ അജേഷ് & സയന മരിയ, 4 ബി, എ.എല്‍.പി.എസ്. മൊഡപ്പൊയ്ക സ്കൂള്‍ - 679331

 

ഉറച്ച തീരുമാനം

എന്റെ ആഗ്രഹം ഒരു ഐ.പി.എസ്. ഓഫീസര്‍ ആകാനാണ്. സമൂഹത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായുള്ള ലൈംഗിക ചൂഷണം, അക്രമങ്ങള്‍, പീഡനങ്ങള്‍ തുടങ്ങിയവ ഞാന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. മദ്യം, പുകയില, ലഹരിവസ്തുക്കള്‍, ഇവയെല്ലാം വില്‍ക്കുന്ന കടകള്‍, ബാറുകള്‍ മറ്റു ചെറിയ പെട്ടിപ്പീടികകള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കും. 

എന്നാല്‍ മനസ്സുറപ്പ് ഇല്ലാത്തതിനാല്‍ പലയിടത്തും സംസാരിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടാറുണ്ട്. പക്ഷേ, ഞാന്‍ ആത്മാര്‍ത്ഥതയോടെ എഴുതിയ ഈ കത്ത് മുന്‍നിര്‍ത്തി എന്റെ മനസ്സ് ഞാന്‍ ഇന്നുമുതല്‍ ഉറപ്പിച്ച് വയ്ക്കുന്നതായിരിക്കും. എല്ലായിടത്തും സംസാരിക്കാനുള്ള ശേഷി, അറിവ് എല്ലാം ഇനി എനിക്കുണ്ടാവും.

നിഹാല പി.എം, 7 സി, പുത്തൂര്‍മഠം എ.എം.യു.പി.സ്കൂള്‍, കോഴിക്കോട്.

 

Image 1

കത്തുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക