Tuesday, 08 October 2019 14:35

സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍ : സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതം

എഴുത്ത്‌: അജിത പാടാരില്‍

യുദ്ധകാലത്തെ അനുഭവങ്ങള്‍ ലോകത്തിനു മുമ്പിലവതരിപ്പിച്ച ‘ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍’ നിങ്ങള്‍ വായിച്ചിരിക്കുമല്ലോ? ഇതാ മറ്റൊരു ആന്‍ഫ്രാങ്ക്. ‘സരയേവോയിലെ ആന്‍ഫ്രാങ്ക്’ എന്ന് വിശേഷിപ്പിക്കുന്ന ഈ പതിനൊന്നുകാരിയുടെ ഡയറിക്കുറിപ്പുകള്‍ ‘സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍’ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് രാജന്‍ തുവ്വാരയാണ്.

മുന്‍ യൂഗോസ്ലാവിയയുടെ ഘടകറിപ്പബ്ലിക്ക് ആയിരുന്ന ബോസ്‌നിയ - ഹെര്‍സെഗോവിനെ എന്ന രാജ്യത്തില്‍ 1990 ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം, അതിഭീകരമായ വംശീയകലാപം  നടക്കുകയുണ്ടായി. 1992 ഏപ്രില്‍ മുതല്‍ 1996 ഫെബ്രുവരി വരെ നീണ്ടു നിന്ന ഈ ആഭ്യന്തരയുദ്ധത്തില്‍ ബോസ്‌നിയ - ഹെര്‍സെഗോവിനയുടെ തലസ്ഥാനനഗരമായ സരയേവോ നഗരം ബോസ്‌നിയന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തിനിരയായി. സരയേവോയുടെ അതിര്‍ത്തിയില്‍ കുന്നിന്‍പുറത്ത് തമ്പടിച്ച സൈന്യം, നിസ്സഹായരായ സരയേവോ ജനതയെ കൊന്നൊടുക്കി. സ്ലാറ്റയ്ക്ക് (സ്ലാറ്റ ഫിലിപ്പോവിച്ച്) അന്ന് പതിനൊന്നു വയസ്സ് പ്രായം. അച്ഛനമ്മമാരോടൊപ്പം വളരെ സന്തോഷകരമായുള്ള ജീവിതം, യുദ്ധം തുടങ്ങിയതോടെ ആകെ മാറിമറിഞ്ഞു. നിഷ്‌ക്കളങ്കരായ നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ഈ യുദ്ധത്തെ ഒരു പതിനൊന്നു വയസ്സുകാരി അവളുടെ ഡയറിക്കുറിപ്പുകളിലൂടെ അവതരിപ്പിക്കുന്നതാണീ പുസ്തകത്തിന്റെ പ്രമേയം.

വിദ്യാലയത്തിലും കളിസ്ഥലത്തുമായി നിരവധി കൂട്ടുകാരോടൊപ്പം സന്തോഷപൂര്‍വ്വം ബാല്യകാലം ആസ്വദിച്ചുവന്ന സ്ലാറ്റയ്ക്ക് യുദ്ധം തുടങ്ങിയതോടെ അവ ഓരോന്നായി നഷ്ടമാകുന്നു. പലപ്പോഴും അവളുടെ ദിനങ്ങള്‍ നിലവറയിലെ ഇരുട്ടിലേക്ക് മാറ്റേണ്ടി വരുന്നു. സ്‌കൂളും പാര്‍ക്കും നടപ്പാതകളും പാലവുമെല്ലാം അവള്‍ക്ക് അന്യമാകുന്നു. അവള്‍ ഏറെ ഇഷ്ടത്തോടെ നോക്കിയിരുന്ന പോസ്റ്റോഫീസ് കത്തി ചാമ്പലായ കാഴ്ച്ച ടെലിവിഷനില്‍ കാണേണ്ടി വരുന്നു. ഏറെ പ്രിയപ്പെട്ട ബന്ധുക്കളും കൂട്ടുകാരും ഓരോരുത്തരായി നാടുവിട്ട് ദൂരദേശങ്ങളിലേക്ക് പോകുന്ന സങ്കടകരമായ മൂഹൂര്‍ത്തങ്ങള്‍. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി അങ്ങിനെ എല്ലാം ഇല്ലാതാക്കുന്ന യുദ്ധം. മെല്ലെമെല്ലെ പുറം കാഴ്ചകള്‍ പോലും നഷ്ടമായ ദിവസങ്ങള്‍. ഈ ദുരിത ജീവിതത്തില്‍ സ്ലാറ്റ തന്റെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് ‘മിമ്മി’ എന്ന പേര് നല്‍കിയ അവളുടെ ഡയറിയോടാണ്. വളരെ ലളിതമായ ഭാഷയില്‍, ഹൃദയത്തില്‍ തൊടുംവിധം എഴുതിയിട്ടുള്ള ഓരോ ദിനാന്ത്യക്കുറിപ്പുകളും ഇനിയൊരു യുദ്ധം വേണ്ടയെന്ന് ലോകത്തോടുള്ള അപേക്ഷയാണ്. ദുരിതപൂര്‍ണ്ണമായ ജീവിതത്തിനിടയിലും പ്രതീക്ഷയുടെയും പങ്കുവെക്കലിന്റെയും സന്തോഷകരമായ മുഹൂര്‍ത്തങ്ങളും അവള്‍ കുറിച്ചുവെച്ചു. വറുതിയുടെ കാലത്തും പരസ്പരം കൈമാറുന്ന സമ്മാനപ്പൊതികളും ആശംസകളും സരയേവോ ജനതയുടെ നിഷ്‌ക്കളങ്കതയെ വായനക്കാരിലേക്ക് എത്തിക്കുന്നു.

    ‘മിമ്മിയില്‍’ അവള്‍ കുറിച്ചുവെച്ച യുദ്ധക്കാഴ്ചകള്‍ അവളുടെ ടീച്ചറാണ് പുറം ലോകത്തേക്ക് എത്തിച്ചത്. 1993 ഡിസംബര്‍ 23 ന് സ്ലാറ്റയും കുടുംബവും പാരീസിലേക്ക് രക്ഷപ്പെടുന്നതോടെ താല്‍ക്കാലികമായി അവള്‍ക്ക് ആശ്വാസമാകുന്നു. എങ്കിലും സരയേവോയില്‍ അപ്പോഴും പൊലിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യജീവനുകള്‍ക്കായി അവള്‍ തന്റെ ഡയറിക്കുറിപ്പുകള്‍ സമര്‍പ്പിക്കുന്നു. ‘ഇരുട്ടില്‍ ഒരു മെഴുകുതിരിയുടെ ചുറ്റുമിരുന്ന് വിലപിക്കുന്ന ആയിരക്കണക്കിന് കുട്ടികള്‍ സരയേവോയിലുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നത്.’

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സമത - കളക്ടീവ് ഫോര്‍ ജന്റര്‍ ജസ്റ്റിസാണ്’ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

 

 

Image 1

പുസ്തക പരിചയം എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക