Tuesday, 08 October 2019 14:25

അതിശയങ്ങളുടെ വേനല്‍

എഴുത്ത്‌: ഡാ ലി

അദൃശ്യരാകുന്നത് സ്വപ്നം കാണാത്ത കുട്ടികളുണ്ടാകുമോ? എല്ലാവരുടേയും മുന്നിൽ കൂടെ നടന്ന്, എന്നാൽ ആരും കാണാതെ,പോയി ഒരു ജിലേബി അകത്താക്കാൻ  എന്തൊരു രസമാണ്! ഒരിക്കലും കണ്ടുപിടിക്കാതെ, എണ്ണുന്ന ആളുടെ തൊട്ടുപിന്നിൽ തന്നെ നിന്നു സാറ്റ് വയ്ക്കുന്നതിന്റെ സുഖം! മുതിർന്ന ഗ്യാങ്ങിന്റെ രഹസ്യങ്ങളൊക്കെ അവരറിയാതെ അവരുടെ ഇടയിൽ നിന്നും കേൾക്കുന്നത് ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചമാകുന്നു, അല്ലേ?

ആനന്ദ് എന്ന അനുവിന്റെ ഏറ്റവും വലിയ സ്വപ്നം അദൃശ്യനാകുക എന്നതാണ്. ഈ അദൃശ്യപദ്ധതിക്കായി അവൻ വേനലവധി ഉഴിഞ്ഞ് വച്ചിരിക്കുകയാണ്. ഊണും ഉറക്കവും ഇല്ലാതെ ഈ പരിപാടിക്കായി സമയം മുഴുവൻ ചെലവഴിക്കാൻ അനുവിനൊരു കാരണമുണ്ട്. അതെന്താണെന്നോ? അനു കരുതുന്നത്, കുറച്ചു കാലമായി കാണാതായ അവന്റെ അച്ഛൻ ആ വീട്ടിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ്! അനുവിന്റെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു അവന്റെ അച്ഛൻ. ഒരിക്കലും സ്വപ്നം കാണുന്നത് നിർത്തരുത് എന്നു പറഞ്ഞ് അച്ഛൻ സമ്മാനിച്ച  'ദ ഇൻവിസിബിൾ മാൻ' (Invisible man, അദൃശ്യനായ മനുഷ്യൻ)  എന്ന പുസ്തകമാണ്  അനുവിന്റെ അദൃശ്യപദ്ധതിയുടെ പാഠപുസ്തകം. എച്ച്.ജി വെൽസ് എഴുതിയ ആ ശാസ്ത്രസങ്കൽപ്പ കഥയിലെ നായകൻ ചില രഹസ്യസങ്കേതങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ നിന്ന് വെളിച്ചം പ്രതിഫലിക്കാതെ സുതാര്യമാകുകയും 

ചെയ്യുന്നു. 

അദൃശ്യനാകാനുള്ള ആ രഹസ്യഫോർമുല കണ്ടെത്താനാണ് ഈ വേനലവധി ദിവസങ്ങളിൽ അനു തലകുത്തി മറിയുന്നത്. അവൻ അതിനായി അയല്‍പ്പക്കത്തെ ഘോഷ് മാഷിനോട് സംസാരിക്കുന്നു, മാഷ് കൊടുക്കുന്ന യുറീക്ക വായിക്കുന്നു. എന്തിനേറേ പറയുന്നു, എല്ലാം മുന്‍കൂട്ടി തീരുമാനിച്ചു വച്ചിരിക്കുന്ന ദൈവത്തിനോട് പ്രാർത്ഥിച്ചിട്ട് വലിയ കാര്യമൊന്നുമില്ല  എന്നു പറയുന്ന അനു, ചാരന്മാരുടെ അദൃശ്യരാകാനുള്ള രഹസ്യം  രാമായണം പഠനത്തിലൂടെ  കണ്ടെത്താനായി ഗീതാക്ലാസ്സിനു  പോകാൻ വരെ തയ്യാറാകുന്നു.

ഇതിനിടയിൽ രഹസ്യദ്രാവകം കുടിക്കുക, ഷോക്കടിപ്പിക്കുക എന്നിങ്ങനെ തികച്ചും അപകടകരമായ കാര്യങ്ങളിലും അനു ഏർ പ്പെടുന്നുണ്ട്. അദൃശ്യനാകുക എന്നത് ഒഴിയാബാധയായി അനുവിനെ 

ബാധിച്ചിട്ടുണ്ടെന്നും  അവന്റെ പോക്ക് അപകങ്ങളിലേക്കാണെന്നും അമ്മയും മറ്റ് മുതിർന്നവരും തിരിച്ചറിയുന്നു. അവര്‍ ഒരു വിദ്യ പ്രയോഗിച്ചു. ഏറെ പ്രിയപ്പെട്ട അച്ഛന്റെ വാച്ച് കെട്ടുമ്പോൾ അനു അദൃശ്യനാണ് എന്ന് എല്ലാവരും അഭിനയിക്കുക! എങ്ങനെയുണ്ട് മുതിർന്നവരുടെ കുബുദ്ധി? 

സത്യത്തിൽ, സയന്റിസ്റ്റുകൾക്ക് സോൾവ് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന അച്ഛന്റെ വാക്കിൽ  ആഴ്‌ന്ന് പോവുകയായിരുന്നു അവൻ.  മുതിർന്നവരുടെ ചിന്താലോകത്തിന് ഇത് മനസ്സിലാവുന്നതേ ഇല്ല. അദൃശ്യനാവാനുള്ള നിരന്തര പരീക്ഷണങ്ങളും അനു അദൃശ്യനാണ് എന്ന മുതിർന്നവരുടെ അഭിനയവും അവനെ  ഉത്തരവാദിത്വങ്ങളുടെ ഒരു വലിയ ലോകത്ത് കൊണ്ടെത്തിക്കുന്നു. ഈ ലോകത്തേയ്‌ക്ക് വാതിൽ തുറക്കുകയാണ് 'അതിശയങ്ങളുടെ വേനൽ' എന്ന സിനിമ. ഈ ഉത്തവാദിത്വങ്ങളുടെ ലോകം അവന് അതുവരെ അദൃശ്യമായിരുന്ന ഒന്നാണ്. ആ ലോകത്ത് അവന്റെ ഇടപെടലുകൾ നമ്മെ പരിചയപ്പെടുത്തുകയാണ് പ്രശാന്ത് വിജയ് എന്ന സംവിധായകൻ. അനീഷ് പള്ള്യാൽ എന്ന ഡോക്ടറാണ് അനുവിന്റെ കഥ എഴുതിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് നടന്ന ഫിലിം ഫെസ്റ്റിവലിൽ (IFFK) അനുവിന്റെ അഥവാ പ്രശാന്തിന്റെ  ഈ അതിശയങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 

 

Image 1

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക