Tuesday, 08 October 2019 14:10

ഹായ് ഹായ് കൊതിച്ച കുടം

എഴുത്ത്‌: ഡോ. കലാധരന്‍ ടി പി വര: കെ.സതീഷ്

ഒരു കുട്ടി. കുട്ടിയുടെ വീട്ടില്‍ അമ്മയും അച്ഛനും.

എന്നും രാവിലെ എല്ലാവര്‍ക്കും നല്ല തിരക്കാണ്. സൂര്യനാണ് ഒരു നിമിഷം വിശ്രമമില്ലാത്തത്. മടിച്ചുറങ്ങുന്ന കുട്ടികളുടെ കണ്‍പോളകളുടെ ഇടയിലേക്ക് പാല്‍വെളിച്ചത്തിന്റെ ഒരു ചെറുതരി വെച്ച് ഉണര്‍ത്തണം. പുഴയുടെ മഞ്ഞുപുതപ്പ് മാറ്റണം. കാറ്റിന്റെ കൂടുതുറന്നു വിടണം. പൂക്കള്‍ വിരിയാന്‍ പച്ചക്കൊടി കാണിക്കണം. മേഘങ്ങളൊക്കെ വാരിവിതറി നിറംപൂശി മനോഹരമാക്കണം. പൂവന്‍കോഴിയോട് മതി മതി എന്നു പറയണം. കിളികള്‍ക്ക് പാട്ടുപാഠം ചൊല്ലിക്കൊടുക്കണം. പാല്‍ ചുരത്താന്‍ പശുക്കളെ ഓര്‍മിപ്പിക്കണം. വെളിച്ചത്തിന്റെ പരവതാനി വഴിയിലാകെ വിരിച്ചിടണം... അങ്ങനെയങ്ങനെ നൂറുകൂട്ടം പണികള്‍. അത്രയും പണി വീട്ടിലില്ല. എങ്കിലും എടുപ്പത് പണിയുണ്ട്. വിറക് കീറണം, വെള്ളം കോരണം, പാത്രം കഴുകണം, ആഹാരം വെക്കണം, അകവും പുറവുമെല്ലാം വൃത്തിയാക്കണം..... ഒരാള്‍ ഒറ്റയ്‌ക്ക് ചെയ്താല്‍ തീരില്ല. അങ്ങനെ ചെയ്യിക്കുന്നത് ശരിയുമല്ല. എല്ലാവരും ഒന്നിച്ചു പണിയെടുക്കും.

    കുട്ടിയുടെ ജോലി വെളളംകോരല്‍. ബലമുളള ഒരു കമ്പ്. അതിന്റെ ഇരുവശത്തും തുല്യ വലുപ്പമുളള രണ്ട് കുടങ്ങള്‍ കെട്ടിയിടും. അര കിലോമീറ്റര്‍ നടന്നാല്‍ പുഴയിലെത്താം. അവിടെ എത്തിയാല്‍ പെട്ടെന്ന് വെളളംകോരി മടങ്ങും. എന്നും രാവിലെ ആറു മണിക്ക് വെളളം കോരാന്‍ പോകും. മൂന്നു തവണ പോയിവരും. വൈകിട്ടും അത്രയും തവണ പോയിവരും. കുടങ്ങള്‍ പുഴയില്‍ മുക്കുമ്പോള്‍ പുഴയിലൊരു മഴവില്‍മത്സ്യം വരും. "ഹായ്!” അത് കുട്ടിയെ അഭിവാദ്യം ചെയ്യും. അപ്പോഴേക്കും പുഴവെള്ളം കുടത്തില്‍ കയറിയിരിക്കും. മത്സ്യം ആ ചോദ്യം ആവര്‍ത്തിക്കും. "എന്തേ, അടക്കവുമൊതുക്കവുമില്ലാതെ വെളളം കുടത്തിലേക്ക് കയറുന്നു. എന്തേ, കുടം പുഴയിലേക്ക് കയറുന്നില്ല?” കുടം വെളളത്തിലേക്ക് മുക്കുമ്പോള്‍ മഷി പോലെ കുടം വെളളത്തിലേക്ക് പടരുന്നതായി കുട്ടി അപ്പോള്‍ സങ്കല്പിക്കും. കുട്ടിക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരം അറിയുമായിരുന്നില്ല. എങ്കിലും മഴവില്‍ മത്സ്യത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിച്ചത്. കാറ്റ് വായുവിന്റെ പുഴയാണോ എന്നതുപോലെയുളള ചോദ്യങ്ങള്‍.

 

ഇരു വശത്തും കുടങ്ങളുളള കമ്പ് തോളില്‍ വെച്ച് നടക്കുന്നതിന് ഒരു താളമുണ്ട്. ചെറിയ മൂളിപ്പാട്ടും പാടി ആസ്വദിച്ചാണ് കുട്ടിയുടെ നടപ്പ്. ആ നടപ്പിലാണ് ചോദ്യങ്ങളുടെ ഉത്തരംതേടലിനുളള ആലോചന നടക്കുക.

വീട്ടിലെത്തുമ്പോള്‍ ഒരു കുടത്തില്‍ പാതി വെളളം മാത്രം!

എന്തേ, ഒരു കുടത്തില്‍ എന്നും പകുതി മാത്രം വെളളം?

അമ്മയ്‌ക്ക് അത്ഭുതം.അച്ഛനും അതിന്റെ രഹസ്യം പിടികിട്ടിയില്ല.

പാവം നടന്നു ക്ഷീണിക്കുമ്പോള്‍ കുടിക്കുന്നതാകുമോ? ഭാരം കൊണ്ട് തൂവിക്കളയുന്നതാകുമോ? ഓരോരോ സാധ്യതകള്‍ അവര്‍ ആലോചിച്ചു.

അച്ഛനും അമ്മയും ഒരു ദിവസം രാവിലെ പാതിവെളളത്തിന്റെ രഹസ്യമറിയാന്‍ മരങ്ങളുടെ മറവിലൂടെ പുഴക്കരയിലേക്ക് നടന്നു.

വഴിയുടെ ഒരു വശം നിറയെ പച്ചക്കറികള്‍, പൂച്ചെടികള്‍. മറ്റേ വശം വരണ്ടു കിടക്കുന്നു.

ഇതെന്താ ഇങ്ങനെ?

അവരോട് പൂക്കളും പച്ചക്കറികളും ആ രഹസ്യം പറഞ്ഞു. അപ്പോള്‍ മകന്‍ വെളളവുമായി വരുന്നതു കണ്ടു. ശരിയാണ്,  പൂക്കളും പച്ചക്കറികളും പറഞ്ഞത് നേരാണ്.

പൊട്ടിയ കുടത്തിനു 'ഹാായ്, ഹാായ് 'കിട്ടി; തലോടലും കിട്ടി. പ്രശംസ കിട്ടി, അനുമോദനം കിട്ടി, അഭിനന്ദനം കിട്ടി, പെരുമ കിട്ടി. ശാരീരികമായ പരിമിതികളുളളവരുടെ ലോകത്തിന് നന്മയുടെ ഇത്തരം കഥകള്‍ ഏറെ പറയാനുണ്ടാകും.

പൊട്ടിയ കുടത്തിനു കിട്ടിയ പേരും പ്രശസ്തിയും കണ്ടപ്പോള്‍ മറ്റേക്കുടത്തിനും ആഗ്രഹം.

ഒരു പൊട്ടലുണ്ടായാല്‍ എനിക്കും കിട്ടും 'ഹായ് ഹായ്!

അടുത്ത ദിവസം വെളളത്തില്‍ മുങ്ങിയപ്പോള്‍ ആ കുടം മനപ്പൂര്‍വം ആടിയുലഞ്ഞു. കുട്ടിയുടെ ബാലന്‍സ് തെറ്റി. കുടം ഒരു കല്ലില്‍ ഇടിച്ചു. പ്ടും.അയ്യോ.

കുടത്തിന്റെ വലിയൊരു ഭാഗം പൊട്ടിയടര്‍ന്ന് വെളളത്തിനടിയിലേക്ക് താണുപോയി. കുടം അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. "എന്റെ ജീവിതം നശിച്ചു.” കുടം വിഷമിച്ചു. ഇനി എന്നെ എന്തിനു കൊളളാം? ഈ പുഴയിലേക്ക് വലിച്ചെറിയുമായിരിക്കും.

കുട്ടി ആ കുടം അഴിച്ചെടുത്തു. കുടത്തിന്റെ ഹൃദയം പടപടാ ഇടിച്ചു.

എന്നിട്ട്?

കുട്ടി നടന്നു.

എന്നിട്ട്?

പൂക്കളുടെയും പച്ചക്കറികളുടെയും അടുത്തു ചെന്നു. കുടം വിചാരിച്ചു, പച്ചക്കറികള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കോലം വെക്കാനായിരിക്കും. ചുണ്ണാമ്പുകൊണ്ട് കണ്ണും മൂക്കും വരച്ച് തലകീഴായി കമ്പില്‍ കുത്തിനിറുത്തുമോ? നോക്കുകുത്തിയായി നില്‍ക്കുന്നത് ഓര്‍ത്തപ്പോള്‍ അതിന് സങ്കടമായി. പക്ഷേ, കുട്ടി അന്ധവിശ്വാസി ആയിരുന്നില്ല. കൈത്തണ്ടയില്‍ ചരട് കെട്ടാന്‍ കൂട്ടാക്കിയിരുന്നില്ല. പരീക്ഷയ്‌ക്ക് മാര്‍ക്ക് കിട്ടാന്‍ നേര്‍ച്ച നേര്‍ന്നിരുന്നില്ല. ചാണകത്തില്‍ ചവിട്ടിയാല്‍ അടികിട്ടുമെന്ന് കൂട്ടുകാര്‍ പറഞ്ഞത് വിശ്വസിച്ചിരുന്നില്ല. ഗ്ലാസിലെ വെളളത്തില്‍ നാരങ്ങയിട്ടു വെച്ചാല്‍ നല്ല ദിനമായിരിക്കുമെന്ന് കച്ചവടക്കാരന്‍ പറഞ്ഞതു കേട്ട് ഉളളാലെ ചിരിച്ചിരുന്നു. കരിനാക്കുളളവര്‍ പറഞ്ഞാല്‍ അത് അച്ചട്ടായി സംഭവിക്കുമെന്ന പറച്ചില്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടാന്‍ മടിച്ചിരുന്നില്ല. കുട്ടി കുടമെടുത്തു.

എന്നിട്ടോ?

കുടത്തിന്റെ വക്ക് അടര്‍ത്തിക്കളഞ്ഞ് ബാക്കി ഭാഗം ഒരു പരന്നുകുഴിഞ്ഞ പാത്രം പോലെയാക്കി. അതിലേക്ക് വെളളമൊഴിച്ച് വഴിയുടെ എതിര്‍ വശത്തു വെച്ചു. പൂക്കള്‍ ചോദിച്ചു, ഇതെന്തിനാ? പച്ചക്കറികള്‍ക്കും ജിജ്ഞാസയായി. അതിനുത്തരം പറഞ്ഞത് കിളികളായിരുന്നു. കിളികള്‍ വന്ന് മരക്കൊമ്പിലിരുന്നു. താഴേക്ക് പറന്ന്, പൊട്ടിയ കുടത്തിലൊഴിച്ചുവെച്ച വെളളം കുടിച്ചു. കിളികള്‍ പാട്ടുപാടി. പൊട്ടിയ കുടത്തിനു സന്തോഷമായി. ആളുകള്‍ പറയാന്‍ തുടങ്ങി. "വര്‍ണസുഗന്ധവും നാദസൗരഭ്യവും നന്മയുടെ പ്രകാശവുമുളള ആ വഴി പോലെയാകണം ജീവിതം.”

എന്താ ഈ പറഞ്ഞതിന് അര്‍ഥം? അതായിരുന്നു മഴവില്‍മത്സ്യത്തിന്റെ അന്നത്തെ ചോദ്യം.

 

 

കണ്ടെത്താം...

അര     കിലോമീറ്റര്‍ നടക്കാന്‍ ഏക ദേശം എത്ര സമയം വേണ്ടിവരും?     രാവിലെ     ആറുമണിക്ക് വെളളം കോരാന്‍     പോകുന്ന കുട്ടി മൂന്നു തവണ     പോയിവരും. എങ്കില്‍     അവസാനത്തെ നടയും കഴിയുമ്പോള്‍  എത്ര മണി യാകും?      

പൂക്കള്‍ പരസ്പരം ചോദിക്കാറുണ്ട്, കുട്ടി     എത്രകുടം വെളളം ഒരാഴ്ചയില്‍ വീട്ടിലെത്തിച്ചിട്ടുണ്ടാകും?     അതിന്റെ     ഉത്തരം ഇരുപത്തിയാറ് എന്നാണ്     മന്ദാരം പറഞ്ഞത്.     അത്     തെറ്റായിരിക്കുമെന്ന് മാങ്ങാനാറി.     മന്ദാരത്തിന്റെ ഉത്തരം തെറ്റോ, ശരിയോ?

മഴവില്‍മത്സ്യത്തിന്റെ     പുതിയ ചോദ്യമിതാണ്.     ഒരു കുടത്തില്‍     പത്ത് ലിറ്റര്‍ വെളളം     കൊളളുമെങ്കില്‍ ഒരു ദിവസം     എത്ര ലിറ്റര്‍ വെളളം തൂവിപ്പോയിട്ടുണ്ടാകും?

കുട്ടി രാവിലെ മൊത്തം എത്ര കിലോമീറ്റര്‍ നടന്നിട്ടുണ്ടാകും?

നിങ്ങളുടെ നാട്ടിലെ അഞ്ച് അന്ധവിശ്വാസങ്ങള്‍ ചോദിച്ചറിയുക.

മഴവില്‍ മത്സ്യത്തോട് ചോദിക്കാവുന്ന ഒരു നല്ല ചോദ്യം തയ്യാറാക്കുക.

 

Image 1
Image 3
Image 2

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക