Tuesday, 08 October 2019 14:02

ഞങ്ങളുടെ സ്കൂളിലെ ശിശുദിനം ഇങ്ങനെയായിരുന്നു

വര: അലീന എ.പി, നാല് ഡി, കാര്‍മ്മല്‍ ജി എച്ച് എസ് എസ്, വഴുതക്കാട്, തിരുവനന്തപുരം.

എന്റെ കാഴ്ചപ്പാടിലെ ശിശുദിനം

ശിശുദിനത്തിന് നല്ലൊരു കാഴ്ചാ അനുഭവമാവാന്‍ ഓരോ സ്കൂളിലും ഒരു പനിനീര്‍പൂന്തോട്ടം, ഉള്ള സ്ഥലങ്ങളില്‍ വച്ചുപിടിപ്പിക്കണം. ആ മഹാത്മാവിനോടുള്ള ആദരം. സ്കൂളില്‍ നല്ലൊരു പൂന്തോട്ടവും ഉണ്ടാവും. തെരുവിലെ കുട്ടികള്‍ക്കിടയിലും മാനസികാരോഗ്യം കുറഞ്ഞ കുട്ടി കള്‍ക്കിടയിലും ഇറങ്ങിച്ചെന്ന് സ്കൂളിലെ വിവിധ ക്ലബ്ബുകള്‍ ശിശുദിനം ആഘോഷിക്കുകകൂടി ചെയ്താല്‍ എത്ര നന്നായിരിക്കും.

അനശ്വര ജി അനില്‍, മൂന്നാംതരം, ജി.എല്‍.പി.എസ്.കൂനയില്‍ പരവൂര്‍, കൊല്ലം.

 

ഞങ്ങളെല്ലാം പ്രസംഗിച്ചു

ശിശുദിനത്തിന്റെ അന്ന് അസംബ്ലിയില്‍ എച്ച്.എമ്മും അധ്യാപകരും ചാച്ചാജിയെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു. പിന്നെ റാലി തുടങ്ങി. നല്ല പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു. കുറേ വാചകങ്ങളും ഏറ്റുചൊല്ലി ഞങ്ങള്‍ നടന്നു. ഒന്നാം ക്ലാസുകാരുടെ കയ്യില്‍ ബലൂണുകള്‍ ഉണ്ടായിരുന്നു. റാലി കഴിഞ്ഞെത്തിയപ്പോഴതാ മധുരം. ഒന്നാന്തരം പായസം. മൈതാനത്ത്  മത്സരങ്ങളായിരുന്നു. ഒന്നാം ക്ലാസുകാര്‍ പോലും അവിടെ പ്രസംഗിച്ചു. ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരും പ്രസംഗിച്ചു. ഇപ്പോള്‍ മനസ്സിലായില്ലേ ഞങ്ങളുടെ അധ്യാപകര്‍ എത്രമാത്രം അവസരങ്ങള്‍ ഞങ്ങള്‍ക്കു തരുന്നു എന്ന്.

നിയകൃഷ്ണ പി.പി, നിയ വി ജെ, ശ്രീഹരി, ദേവനന്ദ, അബിന്‍, അനുരാഗ്, ആഷിമ, ശിവനന്ദ വി, നിടുംപറമ്പ്  എല്‍ പി സ്കൂള്‍, നിടുംപറമ്പ് പി.ഒ, വാണിമേല്‍, 673506.

 

നെഹറുവിന്റെ ചിത്രം ഞാന്‍ വരച്ചു

എന്തു രസമായിരുന്നു ശിശുദിനം. എന്റെ സ്കൂളില്‍ കുറേ ചേട്ടന്മാര്‍ നെഹറുവായി. ചേച്ചിമാരും നെഹറുവിനെക്കുറിച്ച് പ്രസംഗിച്ചു. ഞാന്‍ നെഹറുവിനെ വരച്ചു. അപ്പോള്‍ തന്നെ ടീച്ചര്‍ എനിക്ക് സമ്മാനവും തന്നു. പിന്നെ ഞങ്ങള്‍ നെഹറുവിനെക്കുറിച്ച് പാട്ടുപാടി. ഉച്ചയ്ക്ക് ക്ലാസ് പി.ടി.എയും ഉണ്ടായിരുന്നു. അവിടെ ഞങ്ങളെല്ലാവരും പരിപാടികള്‍ അവതരിപ്പിച്ചു. അമ്മ മാരെല്ലാം നെഹറുതൊപ്പി ഉണ്ടാക്കി. ഞാന്‍ അവരെ നോക്കി. എന്തു രസമാണ് അ വരെ കാണാന്‍.

അഷ്ടമി പി.ബി, 2 ബി, ഡി.വി.എല്‍.പി.എസ്, പുത്തന്‍കുളം, പൂതക്കുളം, കൊല്ലം.

 

ഞങ്ങളൊക്കെ ഇനിമുതല്‍ വായനക്കാരാണ്

ഞങ്ങളുടെ സ്കൂളില്‍ ശിശുദിനദിവസം പുസ്തകങ്ങള്‍ കൊണ്ടുള്ള ഉത്സവമായിരുന്നു. എട്ട് ക്ലാസ് ലൈബ്രറികളുടെയും ഒരു സഞ്ചരിക്കുന്ന ലൈബ്രറിയുടെയും ഉദ്ഘാടനം സ്കൂളില്‍ നടന്നു. അതുപോലെ ശിശുദിനത്തിനു മുമ്പേ തുടങ്ങിയ ‘മഞ്ഞുതുള്ളി’ പുസ്തക സമാഹരണയജ്ഞത്തിന്റെ സമാപനവും രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും അന്നുതന്നെയായിരുന്നു.

എം.എല്‍.എ. ജയലാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കവി.ഇ.ജിനന്‍ ശിശുദിന പരിപാടികളുടെ മുഖ്യാതി ഥിയായിരുന്നു. യുറീക്കയില്‍ വന്ന ‘നാവിലെ മലയാളം’ എന്ന കവിത ചാര്‍ട്ടുകളിലാക്കി പ്രദര്‍ശിപ്പിച്ചു. ഞങ്ങളും കവിയും ഒരുപാട് സംസാരിച്ചു; കവിത ചൊല്ലി. സഞ്ചരിക്കുന്ന ലൈബ്രറി അതിന്റെ ചക്രങ്ങളിലൂടെ ഞങ്ങളുടെയെല്ലാം ക്ലാസ്സില്‍ സഞ്ചരിച്ചുവരുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അമ്മപ്പശുവിന്റെ അഞ്ച് പുസ്തകങ്ങളും. അക്ഷരപ്പൂമഴയുടെ ഒരു പുസ്തകപ്പെട്ടിയും. 

ശിശുദിന സമ്മാനമായി ഞങ്ങളുടെ സ്കൂളിലിപ്പോള്‍ വായനാവസന്തം വിരിയുകയാണ്. ഞങ്ങളൊക്കെ ഓടിനടന്ന് വായിക്കുകയാണ്.

ഷെഹിനാസ്, 3 ബി, ജി.എല്‍.പി.എസ് ചാത്തന്നൂര്‍, കൊല്ലം 691572

 

ഞങ്ങളുടെ ശിശുദിനം വേഗം കഴിഞ്ഞുപോയി

നെഹറുവിന്റെ സന്ദേശം വായിച്ചതിനേക്കാള്‍ ശിശുദിനത്തില്‍ എനിക്ക് ഇഷ്ടപ്പെട്ടത് ആ കുട്ടിയെയാണ്. നെഹ്റുവേഷം കെട്ടിയ അവന്‍ ഞങ്ങളുടെ റാലിയില്‍ ഉണ്ടായിരുന്നു. റോസാപ്പൂവൊക്കെ വെച്ച അവനെ ഞാന്‍ ഒരുപാട് നോക്കി. നെഹ്റുവും അങ്ങനെ നടന്നിട്ടുണ്ടാവുമല്ലോ. 

റോട്ടറി ക്ലബ്ബുകാര്‍ സ്കൂളില്‍ നടത്തിയ ചിത്രരചനാ ക്യാമ്പും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണവും എന്തു രസമായിരുന്നു. പേപ്പര്‍ഗ്ലാസ്സുകൊണ്ടും ഫുഡ്പ്ലേറ്റുകൊണ്ടും ഞങ്ങള്‍ പലതും ഉണ്ടാക്കി. അലൂമിനിയം ഫോള്‍ഡര്‍ കൊണ്ട് പല രൂപങ്ങളും ഉണ്ടാക്കി. അങ്ങനെ ഞങ്ങളുടെ ശിശുദിനം വേഗം കഴിഞ്ഞുപോയി.

അജീഷ് എസ്, 4 എ, ജി.എല്‍.പി.എസ്.പള്ളത്തേരി, പാലക്കാട് 678007

Image 1
Image 2

അനുഭവക്കുറിപ്പ്‌ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക