Tuesday, 08 October 2019 13:44

ചുവടുകള്‍

വര: അനൈന്‍ ജിത്ത് കെ, 5 ബി, കുന്നുംകുളങ്ങര എ യു പി എസ്, മണക്കടവ്, കോഴിക്കോട്. , ഹരിശങ്കര്‍ പി എസ്, 7 ഡി, ശ്രീകൃഷ്ണ വൊക്കേഷണല്‍ എച്ച് എസ് എസ്, കുറിച്ചിത്താനം, കോട്ടയം. ,ഷെഹിനാസ് എന്‍, 3, ജി എല്‍ പി എസ്, ചാത്തന്നൂര്‍, കൊല്ലം.

വേദനയിൽ നിന്നാണ് എഴുത്തു വരുന്നത്

കടലിലാണ് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. കൂറ്റൻ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. കനത്ത മഴയും. കരയിൽ നാശം വിതച്ചപ്പോഴാണ് ജനങ്ങൾ കാറ്റിനെ അറിഞ്ഞത്. അതിനും മുമ്പേ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ കടലിൽ എത്തിയിരുന്നു. അവരാണ് ഓഖിയുടെ കെണിയിലായത്. ഒത്തിരിയാളുകളെ രക്ഷിക്കാനായെങ്കിലും ഒരുപാടാളുകൾ മരിച്ചു.

തിരിച്ചുവരാത്തവർ ഇനിയും ഏറെ. അവരെല്ലാം മരിച്ചുപോയിട്ടുണ്ടാവുമോ? അല്ലെങ്കിൽ രക്ഷപ്പെട്ട് ഏതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടാവുമോ? അറിയില്ല. അതെല്ലാം ഓർക്കുമ്പോൾ ബന്ധുക്കൾക്ക് മാത്രമല്ല നമുക്കുമുണ്ട് സങ്കടം. അങ്ങനെ സങ്കടപ്പെട്ട ഒരു കൂട്ടുകാരിയുടെ മനസ്സാണ് ഓഖി എന്ന കവിത. നാലാം ക്ലാസ്സിൽ പഠിക്കുന്ന അന്നയുടെ നിഷ്കളങ്കമായ പ്രതികരണത്തിനു എന്തൊരു ആത്മാർത്ഥതയാണെന്നു നോക്കൂ.. വലിയ ദുരന്തമുണ്ടായാൽ ചാനലുകാർ ചെയ്തതുപോലെ ആഘോഷമാക്കാം. ആയിരങ്ങൾക്ക് ജീവൻ തിരിച്ചു നല്കിയ രക്ഷാപ്രവർത്തനങ്ങളെ മറച്ചുവെയ്കാം. കലാപത്തിനു പ്രേരിപ്പിക്കാം. അല്ലെങ്കിൽ വേദനിക്കുന്നവർക്ക് ഒപ്പം നിന്ന് അവരുടെ സങ്കടം പങ്കുവെയ്കാം. അന്ന അതാണ് ചെയ്തത്. പണ്ട് ഒരു വൃക്ഷക്കൊമ്പിൽ ഒന്നിച്ചിരിക്കുകയായിരുന്ന ഇണപ്പക്ഷികളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്‌ത്തിയപ്പോൾ ഒരു മുനി ചെയ്തതും അതായിരുന്നു. ഒറ്റപ്പെട്ടുപോയ പെൺകിളിക്കൊപ്പം നിന്നു. ഉറക്കെ കരഞ്ഞു. ആ കരച്ചിലായിരുന്നു, അരുതേ കാട്ടാളാ എന്നു തുടങ്ങുന്ന ആ കവിത. ആദി കവിത എന്ന് നമ്മൾ ആ വരികളെ വിളിക്കുന്നു. അത് എഴുതിയ വാത്മീകി നമ്മുടെ ആദി കവിയുമായി.

സഹചാരി

 

ഓഖി

അന്ന എ അമ്പിയിൽ, 4, ഗവ. എൽ പി സ്കൂൾ, ആലപ്പാട്, ശക്തിപ്പറമ്പ്, 

കരുനാഗപ്പള്ളി, കൊല്ലം 670 518

 

തിരകൾ പൊങ്ങി പൊങ്ങി

ഓഖി വിറപ്പിച്ചൂ..

സുനാമി ഭീകരൻ വരവായെന്ന്

നാടു ഭയപ്പെട്ടൂ

കടലിൽ പോയവർ വന്നില്ലല്ലോ

ആളുകൾ പേടിച്ചൂ

കടലേ തിരയേ തിരികെ തരൂ

ലോകം പ്രാർത്ഥിച്ചൂ.

കടലിൻ മക്കളെ തിരികെ തരൂ

കാലം യാചിച്ചൂ

 

 

കാട്ടിനുള്ളിൽ

ഫഹ്‌മുദ്ദീൻ എ, 3A, എ എം യു പി സ്കൂൾ, പുത്തൂർമഠം, കോഴിക്കോട്  673 019.

 

എല്ലാവരും ആ കാഴ്ച കണ്ട് വേദനിച്ചു. ഒരു മാൻകുഞ്ഞ് വേടൻ വിരിച്ച വലയിൽ കുടുങ്ങിയിരിക്കുന്നു. അത് പുള്ളിമാനിന്റെ കുഞ്ഞാണല്ലോ...

പുള്ളിമാൻ അതിന്റെ കുഞ്ഞിനെ തിരക്കി നടക്കുകയായിരുന്നു. വികൃതി, പുല്ലു മേയുന്നതിനിടയിൽ അവൾ എവിടെപ്പോയി?

കുറുക്കൻ പറഞ്ഞു: നിങ്ങളുടെ കുഞ്ഞ് വേടൻ വിരിച്ച വലയിൽ പെട്ടുപോയി ...

തള്ളമാൻ ഉറക്കെ കരയാനാരംഭിച്ചു: എന്റെ കുഞ്ഞിനെ ആരെങ്കിലും രക്ഷിക്കൂ..

ആന പറഞ്ഞു: എങ്ങനെ രക്ഷിക്കാൻ.. കുറുക്കനും അതാണ് ചോദിച്ചത്, എങ്ങനെ രക്ഷിക്കാൻ..?

മുയൽ പറഞ്ഞു: വഴിയുണ്ട്.

മുയൽ കുഞ്ഞനെലിയെ വിവരം അറിയിച്ചു. കുഞ്ഞനെലി വന്നു. വലയെല്ലാം വെട്ടി.

കുഞ്ഞുമാൻ രക്ഷപ്പെട്ടു.

കാട്ടിനുള്ളിൽ ഇനി അമ്മയുടെ ഒപ്പമേ പോകൂ, അവൾ പറഞ്ഞു.

 

 

മരിച്ചുപോയ നാരങ്ങ

മെസ്‌ന മെസ്മർ, 3, ഗവ. എൽ പി സ്കൂൾ, മഴൂർ, പന്നിയൂർ പി ഒ, കരിമ്പം, കണ്ണൂർ  670142

 

വീട്ടിലെ വലിയ നാരകത്തിൽ

ഒരു പൂവു കണ്ടു ഞാൻ സന്തോഷിച്ചു

പൂവൊരു പിഞ്ചു നാരങ്ങയായപ്പോൾ

എന്റെ സന്തോഷവും ഏറെയായി

വലുതായി വന്നാൽ കിട്ടാനിരിക്കുന്ന

പുളി സമ്മാനത്തിനായ് കാത്തിരുന്നു

ഒരു ദിനം മണ്ണിൽ കിടക്കുന്നു,നാരങ്ങ

ആരാരോ കൈതട്ടി, വീണതാവാം

എത്ര സങ്കടമെനിക്കെന്നറിയുമോ

അമ്മ നാരകത്തിന്റെ വേദനയിൽ

 

 

നിഴൽ

കൃഷ്ണജ പ്രകാശ്, 8E, കെ എച്ച് എസ് എസ്, തോട്ടര  679 513.

അടുക്കളയിൽ നിന്ന് മണിക്കുട്ടൻ ഓടിപ്പോയപ്പോഴാണ് കുഞ്ഞിപ്പൂച്ച അങ്ങോട്ട് കേറിയത്. പണിത്തിരക്കിനിടയിൽ അമ്മ കു‍ഞ്ഞിപ്പൂച്ചയോട് നിനക്കുമുണ്ടോ സംശയം എന്നു ചോദച്ചപ്പോൾ ഏതോ ഒരു സംശയം പറയാതെ ഒളിപ്പിച്ച ഭാവത്തിൽ പൂച്ച മുഖം ഒന്നു വിടർത്തി. ദേഹം ഒന്നു കുടഞ്ഞു, പിന്നെ ദൂരേക്ക് നോക്കി തിരിഞ്ഞു നടന്നു. അപ്പോഴും ഒരു സംശയം പൂച്ചയുടെ മുഖത്ത് മായാതെ കിടന്നിരുന്നു.

 

 

Image 1
Image 3
Image 2

ചുവടുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക